പുതുപ്പള്ളി : പുതുപ്പള്ളി ബസ് സ്റ്റാൻഡിനെ കുറിച്ച് പരാതികൾ ഏറുന്നു. പേരിലൊഴികെ ബസ് സ്റ്റാന്റിനു വേണ്ട സൗകര്യങ്ങളൊന്നും ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി നാട്ടുകാര്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാകുന്നില്ല. തിരക്കേറിയ ടൗണിലാണ് അസൗകര്യങ്ങളുടെ നടുവില്‍ സ്റ്റാന്റ് സ്ഥിതി ചെയ്യുന്നത്.
പുതുപ്പള്ളി - കറുകച്ചാല്‍ റോഡിനോടു ചേര്‍ന്നാണ് സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്റിനു വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. മൊത്തത്തില്‍ ചരിഞ്ഞ പ്രകൃതിയായതിനാല്‍ അപകട സാധ്യതയേറെയാണെന്ന് യാത്രക്കാര്‍ പറയുന്നു. ഒന്നോ രണ്ടോ ബസ് നിര്‍ത്തിയിടാന്‍ മാത്രമുള്ള സൗകര്യങ്ങള്‍ മാത്രമാണ് സ്റ്റാന്റിലുള്ളത്.
ടൗണിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി സ്റ്റാന്റിലൂടെയാണ് മറ്റു വാഹനങ്ങളും കടന്നു പോകുന്നത്. സ്റ്റാന്റിന്റെ കറുകച്ചാല്‍ റോഡിലെ രണ്ടു കവാടത്തിലൂടെയും ഇടതടവില്ലാതെ വാഹനങ്ങള്‍ വരുന്നതിനാല്‍ പെട്ടെന്നു ഗതാഗത തടസമുണ്ടാകും. ഇതിനിടയില്‍ ബസുകള്‍ നിര്‍ത്തി ആളെ ഇറക്കുകയും ചെയ്യുമ്പോള്‍ തിരക്കും അപകട സാധ്യതയും വര്‍ധിക്കുകയാണ്.
കറുകച്ചാല്‍ പ്രദേശത്തു നിന്നു വരുന്ന വാഹനങ്ങള്‍ സ്റ്റാന്റിലേക്കു പ്രവേശിക്കുന്ന ഭാഗം തകര്‍ന്നു കിടക്കുന്നതിനാല്‍ വേഗം കുറയ്ക്കുന്നതും തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. സ്റ്റാന്റില്‍ നിന്നു പുറത്തേയ്ക്കുള്ള വഴിയും അപകടാവസ്ഥയിലാണ്്. സറ്റാന്റില് നിന്നു കുത്തനെ ഇറക്കമാണ്. തുടര്‍ന്ന് അതുപോലെ കയറ്റവും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മാണ സാമഗ്രികള്‍ സ്റ്റാന്റില്‍ സൂക്ഷിച്ചിരിക്കുന്നതും തെരുവു നായകള്‍ ഇവിടം വിശ്രമ സ്ഥലമാക്കുന്നതും സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതും യാത്രക്കാര്‍ക്കു ദുരിതമാകുകയാണ്. സൗകര്യപ്രദമായ രീതിയില്‍ സ്റ്റാന്റ് പുനക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.






