കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി വിജിലൻസ്.
പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാല്‍ രേഖകള്‍ കസ്റ്റഡിയില്‍ എടുക്കാൻ കഴിഞ്ഞില്ല. കാർട്ടണ്‍ അലയൻസ് ഇന്ത്യ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തിലും സില്‍ക്കിലും വിജിലൻസ് പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് കാർട്ടണ്‍ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്.
വളരെ വേഗത്തില്‍ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളില്‍ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ 'കാർട്ടണ്‍ അലൈൻസ് ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നല്‍കിയെന്നതാണ് പ്രധാന ആരോപണം. ഈ പി.പി. ദിവ്യയുടെ ബിനാമിയാണ് കമ്പനിയെന്നും പരാതിയുണ്ട്.






