പാലാ: യു.ഡി.എഫ് പിന്തുണയോടെ അധികാരത്തിലെത്തിയ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയയുടെ ഭരണം കടുത്ത പ്രതിസന്ധിയിലേക്ക്. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയോടെയാണ് ഭരണത്തിലെത്തിയതെങ്കിലും, ആറ് മാസം പിന്നിടുമ്പോൾ ചെയർപേഴ്സണിന് ഒപ്പമുള്ളവർ വെറും ഏഴുപേരായി ചുരുങ്ങിയിരിക്കുകയാണ്. ഇതോടെ ജൂലൈ 21-ന് നടക്കുന്ന അവിശ്വാസ പ്രമേയം നിർണായകമായിരിക്കുകയാണ്.
ആറംഗ കോൺഗ്രസ് കൗൺസിൽ പാർട്ടി കഴിഞ്ഞയാഴ്ച ചെയർപേഴ്സണിനുള്ള പിന്തുണ പിൻവലിച്ചതായി പ്രഖ്യാപിക്കുകയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അതിന് അംഗീകാരം നൽകുകയും ചെയ്തു. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളിലെ നാല് അംഗങ്ങൾ മാത്രമാണ് ഇപ്പോൾ ചെയർപേഴ്സണിനൊപ്പമുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ചേർന്ന കൗൺസിൽ യോഗങ്ങളിൽ 20 അംഗങ്ങൾ വിട്ടുനിന്നതും ഭരണപക്ഷത്തിന്റെ ഒറ്റപ്പെടൽ വ്യക്തമാക്കുന്നതാണ്.
അവിശ്വാസ പ്രമേയം വലിയ ഭൂരിപക്ഷത്തോടെ പാസാകാനാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം വിരൽചൂണ്ടുന്നത്. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലും ചെയർപേഴ്സൺ സ്ഥാനം നിലനിർത്താൻ ശ്രമം തുടരുകയാണെന്നും, കോൺഗ്രസ് അംഗങ്ങളെ അനുനയിപ്പിക്കാൻ വിവിധ തലങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ.
കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളും വോട്ടും നേടിയ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ടായിരുന്നു. സ്വതന്ത്രരെ ഉൾപ്പെടുത്തി ഭരണം രൂപീകരിക്കാൻ എൽ.ഡി.എഫ് തയ്യാറാകാതിരുന്നതിനാൽ യു.ഡി.എഫ് പിന്തുണയോടെയാണ് സ്വതന്ത്ര കുടുംബ കൂട്ടായ്മ അധികാരത്തിലെത്തിയത്. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം) ന് 10 സീറ്റും സി.പി.എമ്മിന് രണ്ട് സീറ്റുമാണുള്ളത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെ പരാജയപ്പെടുത്തിയ സ്വതന്ത്ര അംഗം മായാ രാഹുലിനെയാണ് യു.ഡി.എഫ് പിന്തുണയിൽ വൈസ് ചെയർപേഴ്സണാക്കിയത്. ആറുമാസത്തിന് ശേഷം രാജിവെക്കുമെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും ഇതുവരെ രാജിയുണ്ടായിട്ടില്ല. വൈസ് ചെയർപേഴ്സണും ഭരണപക്ഷത്തിലെ വികസന സ്ഥിരംസമിതി അധ്യക്ഷൻമാരും നിലവിൽ ചെയർപേഴ്സണിനൊപ്പമില്ല.
ഭരണ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും, കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കില്ലെന്നും എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ ചെയർപേഴ്സൺ ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവും കേരള കോൺഗ്രസ് (എം) നേതാവുമായ ബിജു പാലൂപടവൻ ആവശ്യപ്പെട്ടു. അതേസമയം, അവസാന നിമിഷം വരെ അധികാരം നിലനിർത്താനുള്ള ശ്രമം സ്വതന്ത്ര കുടുംബ കൂട്ടായ്മ തുടരുകയാണ്.






