പാലാ: കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ വികസനത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നിര്‍ണായകമായ ജില്ലാ കളക്ടറുടെ ഏഴ് നിര്‍ദേശങ്ങള്‍ക്കും ഇന്നലെ ചേര്‍ന്ന ആശുപത്രി വികസന സമിതിയുടെ അംഗീകാരം.
നര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.ആശുപത്രിക്കു മുന്നിലെ റോഡരികിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചേ തീരൂവെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. കച്ചവടക്കാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാലാ നഗരസഭാ അധികൃതര്‍ വാദിച്ചെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ഇത് അംഗീകരിച്ചില്ല.
ആശുപത്രിയുടെ സ്ഥലം കൈയേറിയിട്ടുള്ളതാണെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ടും ഇതുസംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവും നിലവിലുള്ള സാഹചര്യത്തില്‍ ആശുപത്രി വികസന സമിതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനോ മറ്റൊരു തീരുമാനമെടുക്കാനോ കഴിയില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു.ആശുപത്രിക്ക് മുന്നിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി അധികൃതര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് വിഷയം പരിഹരിക്കാന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുലിനെ യോഗം ചുമതലപ്പെടുത്തി.
ആശുപത്രി വികസന സമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് വഴിയോര കച്ചവടക്കാരെ നഗരസഭാ അധികാരികള്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ നഗരസഭയ്ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു . സ്വയം ഒഴിഞ്ഞു പോയില്ലെങ്കില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മുനിസിപ്പല്‍ സെക്രട്ടറി ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി .
അതേസമയം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ 42 വര്‍ഷമായി ചെറുകിട കച്ചവടം നടത്തി ഉപജീവനം നടത്തുന്ന എട്ടോളം തൊഴിലാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന് രംഗത്ത്.
കടകള്‍ അടച്ചുപൂട്ടണമെന്ന അധികൃതരുടെ തീരുമാനം ഈ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് യൂണിയന് നേതാക്കള്‍ കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്ക് അവിടെത്തന്നെ കച്ചവടം തുടരാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു





