കോട്ടയം: പതിറ്റാണ്ടായി നീണ്ടുനിൽക്കുന്ന നാട്ടകം കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മസമിതി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.
കർമ്മസമിതി സെക്രട്ടറി ഷാനവാസ് എസ്.എസ്., സജീവ അംഗം സന്തോഷ് ബി. എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചത്.
2016-ൽ കിഫ്ബി പദ്ധതിയിലൂടെ ആരംഭിച്ച നാട്ടകം കുടിവെള്ള പദ്ധതി ഇതുവരെ പൂർത്തിയാകാത്തത് പ്രദേശവാസികൾക്ക് കടുത്ത ദുരിതമുണ്ടാക്കുന്നതായി കർമ്മസമിതി ചൂണ്ടിക്കാട്ടി.
13 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി 13 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പ്രയോജനകരമാകാതെ കിടക്കുകയാണെന്നും, 2025 ഏപ്രിലിൽ ദേശീയപാതയിലൂടെ പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടും ടെൻഡർ നടപടികൾ മാത്രമാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും മന്ത്രിയെ അറിയിച്ചു.
സിമന്റ് കവല മുതൽ കോടിമത വരെയുള്ള പ്രദേശങ്ങളും വിവിധ വാർഡുകളിലെ ജനങ്ങളും വർഷങ്ങളായി കുടിവെള്ളക്ഷാമം നേരിടുകയാണെന്നും, വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ കുടിവെള്ളം വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും കർമ്മസമിതി വിശദീകരിച്ചു. പദ്ധതി പൂർത്തിയായാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രശ്നം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് കർമ്മസമിതിക്ക് ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ഇതിന് മുമ്പ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എയ്ക്കും കർമ്മസമിതി നിവേദനം നൽകിയിരുന്നു.






