കൊച്ചി: കൊച്ചിയിൽ 185 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ.
എറണാകുളം റൂറൽ ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്.
കൊച്ചി പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ കെ.എസ്. (32), തോപ്പുംപടി പ്രതീക്ഷ നഗർ കെ.വി. തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്.
ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലിസുമായി സഹകരിച്ച് നടത്തിയ തുടർപരിശോധനയിൽ തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി.
തമിഴ്നാട്ടിൽനിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ടൂറിസ്റ്റ് ബസിൽ യാത്രക്കാരായെത്തിയ പ്രതികൾ വാഴക്കുലയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്.
എറണാകുളം, ആലുവ മേഖലകളിലെ നിരവധി ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് വിതരണം ചെയ്യുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം.






