കൊച്ചി: ശുചിമുറി ഉപയോഗിക്കുന്നതിനുള്ള 10 രൂപ ഗൂഗിള്‍ പേ വഴി നല്‍കാമെന്ന് പറഞ്ഞ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസില്‍ രണ്ട് ശുചിമുറി ജീവനക്കാർ അറസ്റ്റില്‍.
മറൈൻ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ കളമശേരി കൊടിയില്‍വീട്ടില്‍ എസ് അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പില്‍ എം എം റോബിൻ (59) എന്നിവരെയാണ് സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം സ്വദേശി താജുദീനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
ജിസിഡിഎയുടെ കീഴിലുള്ള മറൈൻ ഡ്രൈവ് വോയിലെ ശുചിമുറി ഉപയോഗിക്കാനെത്തിയതായിരുന്നു താജുദീൻ. ഫീസ് 10 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്ന് താജുദീൻ പറഞ്ഞെങ്കിലും പണം മാത്രമേ സ്വീകരിക്കൂവെന്ന് ജീവനക്കാരൻ നിർബന്ധിച്ചതോടെയാണ് തർക്കമുണ്ടായത്.
കയ്യില്‍ പണമില്ലാതിരുന്നതിനാല്‍ അത്യാവശ്യത്തിന് ശുചിമുറിയില്‍ കയറിയ താജുദീനെ ജീവനക്കാരൻ പിന്തുടർന്നെത്തി വാതില്‍ തല്ലിപ്പൊളിക്കാൻ ശ്രമിച്ചെന്നും പുറത്തുവന്നപ്പോള്‍ മർദിച്ചെന്നുമാണ് പരാതി. വാതില്‍ ബലമായി തുറന്നപ്പോള്‍ താജുദീന്റെ ചുണ്ടിന് പരുക്കേറ്റു.
തുടർന്ന് ജീവനക്കാരനൊപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേർ ചേർന്ന് മുഖത്തും തലയിലും ഇടിച്ച് പരുക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സെൻട്രല്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.






