ചെന്നൈ: സിനിമാതാരമാണെന്നതുകൊണ്ട് വ്യക്തിജീവിതത്തെക്കുറിച്ച് എന്തും പറയാമോ? സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കുമെതിരെ തുറന്നടിച്ച് നടി ഖുശ്ബു സുന്ദർ.
താൻ ഒരു പൊതുപ്രവർത്തകയും പൊതുജീവിതത്തില്‍ സജീവമായ വ്യക്തിയുമാണെങ്കിലും പൊതുസ്വത്തല്ലെന്ന് വ്യക്തമാക്കിയ താരം, കുടുംബത്തെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
"ഞാൻ ഒരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ല. അത് വളരെ വ്യക്തമാണ്. നിങ്ങള്‍ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാല്‍ തിരിച്ച് ഞാനും അത്തരത്തില്‍ സംസാരിക്കേണ്ടിവരും. നിങ്ങള്‍ക്കത് ബുദ്ധിമുട്ടായി തോന്നില്ലേ? അത്രയേ ഉള്ളൂ," എന്നാണ് ഖുശ്ബു പറഞ്ഞത്.
തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളതെന്നും താരം ചോദിച്ചു.
തന്നെക്കുറിച്ച് അനാവശ്യവും മ്ലേച്ഛവുമായ കമന്റുകള്‍ എഴുതുന്നവരുടെ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും ഓർക്കുമ്പോള്‍ സഹതാപം മാത്രമാണുള്ളതെന്നും ഖുശ്ബു വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ വ്യക്തിജീവിതത്തെയും കുടുംബത്തെയും ലക്ഷ്യമിട്ട് അധിക്ഷേപിക്കുന്നത്അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് താരത്തിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. ഇതിന് മുൻപും സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ഖുശ്ബു പ്രതികരിച്ചിട്ടുണ്ട്.
സിനിമാരംഗത്ത് സജീവമായ ഖുശ്ബു ഇപ്പോള്‍ റിയാലിറ്റി ഷോകളിലും അവതാരകയായി തിളങ്ങുന്നുണ്ട്. പൊതുജീവിതത്തില്‍ പ്രവർത്തിക്കുന്നവരെ വിമർശിക്കാമെങ്കിലും അതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുന്നത് എത്രത്തോളം ശരിയാണെന്ന ചർച്ചയ്ക്കും താരത്തിന്റെ പ്രതികരണം വഴിയൊരുക്കുന്നു.
പൊതുജനശ്രദ്ധയില്‍ നില്ക്കുന്ന വ്യക്തികള്‍ക്കും സ്വകാര്യതയും കുടുംബത്തെ സംരക്ഷിക്കാനുള്ള അവകാശവും ഉണ്ടെന്ന സന്ദേശമാണ് ഖുശ്ബുവിന്റെ വാക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്.






