കോട്ടയം : കോട്ടയത്തെ അക്ഷരപ്രേമികൾക്ക് ഇത് തീരാ നഷ്ടം. വായനയും ഫുട്ബോളും നാടകവും ബിസിനസും ജീവവായുപോലെ കൊണ്ടുനടക്കുന്ന മറ്റൊരാൾ കോട്ടയത്ത് ഉണ്ടാകുമോ എന്ന് സംശയമാണ്.
അവസാന ശ്വാസംവരെയും പബ്ളിക് ലൈബ്രറിയെ ജനമനസ്സുകളിൽ ചേർത്തുനിർത്താൻ ശ്രമിച്ചിരുന്നു,കോട്ടയം പബ്ളിക് ലൈബ്രറിയുടെ സ്വന്തം പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ.
കോട്ടയം പബ്ളിക് ലൈബ്രറിയുടെ ‘അക്ഷരശില്പത്തെ,’ ‘കോട്ടയത്തിന്റെ മുഖമുദ്ര’യാക്കി മാറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ലൈബ്രറിയുടെ സമീപത്ത് വെറുതേ കുറച്ച് സ്ഥലംകിടന്നാൽ പിന്നീട് അവിടെ കെട്ടിടങ്ങൾ വരുമോയെന്ന് തോന്നി. അതു കൊണ്ട് ശില്പം തീർത്തു. അതിനും ചില്ലറ പ്രയത്നമല്ല വേണ്ടിവന്നത്. 62 ലക്ഷം രൂപ മുടക്കിയൊരു ശിൽപം.
കാനായി കുഞ്ഞിരാമനെ കാണാൻ തിരുവനന്തപുരത്ത് പോയത് 21 തവണ. ഒടുവിൽ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ മേശപ്പുറത്ത് ‘അക്ഷരശില്പ’ത്തിന്റെ മിനിയേച്ചർ രൂപം. ഇത് പോരേയെന്ന ചോദ്യത്തിന് മനസ്സുനിറഞ്ഞ എബ്രഹാം ഇട്ടിച്ചെറിയയുടെ കണ്ണുകൾമാത്രം മതിയായിരുന്നു മറുപടിയായിട്ട്.
കോട്ടയം ചക്കാലയിൽ പരേതനായ സി.ഐ. ഏബ്രഹാമിന്റെ ഏകമകന് പാരമ്പര്യമായി കിട്ടിയ സി.ഐ. ഏബ്രഹാം ആൻഡ് കമ്പനി മാനേജിങ് പാർട്ണർ പദവിയിലും കഴിഞ്ഞ 64 വർഷമായി തിളക്കമാർന്ന വിജയം േനടി. ‘
മനസ്സുവെച്ചാൽ നേടാൻ കഴിയാത്തതൊന്നുമില്ല. വിജയമെന്നത് സ്ഥിരമായ ലക്ഷ്യമായിരിക്കണം. ഒരു കാര്യത്തിൽ ഇറങ്ങിത്തിരിച്ചാൽ എതിർപ്പുകൾ ഉണ്ടാകും,’- അതായിരുന്നു വിജയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ചിന്ത.
രണ്ടുലക്ഷം പുസ്തകങ്ങളാണ് കോട്ടയം പബ്ലിക് ലൈബ്രറിയിൽ വായനക്കാരെ കാത്തിരിക്കുന്നത്. 40,000 പുസ്തകങ്ങൾ അടങ്ങിയ റഫറൻസ് വിഭാഗവും ഒരേസമയം 30 പേർക്ക് ഗവേഷണം നടത്താനാകുന്ന വിഭാഗവുമായി ലൈബ്രറിയെ വിശാലമാക്കി.
കോട്ടയത്ത് ഫുട്ബോൾ മത്സരവേദിയിൽ ഐ.എം. വിജയനെയും ജോ പോൾ അഞ്ചേരിയെയുമൊക്കെ എത്തിച്ചിച്ചിട്ടുണ്ട്.
എന്നും കോട്ടയത്തെ നഷ്ടമാക്കുന്ന മൈതാനങ്ങളെക്കുറിച്ച് അദ്ദേഹം വേദനിച്ചു. ‘എല്ലാ വീട്ടിലും ടി.വി.യിൽ ലോകകപ്പ് കാണുന്നുണ്ടായിരുന്നു. എന്നാൽ കോട്ടയത്ത് ഫുട്ബോൾ എന്ന കളിയേയില്ല. കളിക്കാൻ ഒരു മൈതാനവുമില്ല.’
കോട്ടയത്തിനുണ്ടായ നാടകമികവിന്റെ നഷ്ടത്തെക്കുറിച്ചും അദ്ദേഹം വേവലാതിപ്പെട്ടിരുന്നു. നാല്പതുകളുടെ അവസാനം കോട്ടയം നാടകത്തിന്റെ തട്ടകമായിരുന്നു.
സെൻട്രൽ ജങ്ഷനിലുണ്ടായിരുന്ന സെൻട്രൽ തിയേറ്ററിൽ തമിഴ്നാട്ടിലെ നവാബ് രാജമാണിക്യത്തിന്റെ നാടകങ്ങൾ അരങ്ങേറുമ്പോൾ കാഴ്ചക്കാരനായി മുൻപിലുണ്ടായിരുന്നു. ‘കാളിയമർദനം,’ ‘ശബരിമല അയ്യപ്പൻ’ ഉൾപ്പെടെയുള്ള നാടകങ്ങൾ കണ്ടിരുന്ന അദ്ദേഹം പിന്നീട് കേരളത്തിലെ എല്ലാ നാടകസംഘങ്ങളെയും കോട്ടയത്തെത്തിച്ചു.
നാലുവർഷംമുന്പ് കോട്ടയം പബ്ളിക് ലൈബ്രറിയുടെ 140-ാം വർഷം ആഘോഷിക്കുമ്പോൾ തന്റെ ശതാഭിഷേകവും ആഘോഷിക്കാൻ ഭാഗ്യംകിട്ടിയ അദ്ദേഹം ബാക്കിവെച്ചുപോകുന്നത് ഒരു സ്വപ്നം മാത്രമാണ്. ലൈബ്രറിക്കെട്ടിടത്തിനോട് ചേർന്ന് അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാത്രം കാണാൻ കഴിഞ്ഞില്ല.






