കോട്ടയം: തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവും വേഗതയേറിയതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ആദ്യമായി കെ-സ്മാര്‍ട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (കെഇഎഫ്ടി) മോഡ് നടപ്പാക്കി ഞീഴൂർ പഞ്ചായത്ത്.
പഞ്ചായത്തിന്റെ വിവിധ സാമ്പത്തിക ഇടപാടുകൾ, ഫണ്ട് കൈമാറ്റം, ബില്ലുകളുടെ നടപടിക്രമങ്ങൾ, പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാണ് കെ-സ്മാര്‍ട്ട് സംവിധാനത്തിലെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മോഡ് പ്രയോജനപ്പെടുത്തുന്നത്.
പരമ്പരാഗത രീതികളിലെ കാലതാമസം കുറച്ച് ഫണ്ട് കൈമാറ്റവും പേയ്മെന്റ് നടപടികളും കൂടുതൽ വേഗത്തില്‍ പൂര്‍ത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കും.
കെഇഎഫ്ടി നടപ്പാക്കിയതിലൂടെ പേയ്മെന്റിനായി ബാങ്കിൽ ചെക്കെഴുതി നല്കി കാത്തിരിക്കണ്ടെന്ന നേട്ടമുണ്ട്. പേയ്മെന്റ് അപ്രൂവ് ചെയ്താൽ ഉടൻ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ പണം നേരിട്ടെത്തും.
കെ-സ്മാര്‍ട്ട് പ്ലാറ്റ് ഫോമുമായി സംയോജിപ്പിച്ചുള്ള ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം നടപ്പാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത, കൃത്യത, ഉത്തരവാദിത്വം, സമയബന്ധിതത്വം എന്നിവ ഉറപ്പാക്കാന്‍ സാധിക്കും.
ഇടപാടുകളുടെ ഡിജിറ്റൽ രേഖകൾ ലഭ്യമാകുന്നതിനാൽ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിനും ഓഡിറ്റ് നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കും.
കോട്ടയം ജില്ലയിൽ ഈ സംവിധാനം ആദ്യമായി നടപ്പാക്കിയ പഞ്ചായത്ത് എന്ന നേട്ടം ഞീഴൂർ പഞ്ചായത്തിന്റെ ഡിജിറ്റൽ ഭരണരംഗത്തെ പ്രവര്‍ത്തനമികവായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ പേപ്പര്‍ലെസ്, സുതാര്യവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായിട്ടാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത്.






