കോട്ടയം : ദേശീയപാതയിലെ തിരക്കേറിയ ജങ്ഷനായ കൊടുങ്ങൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കവലയിൽ ഒരു ബസ് നിർത്തിയാൽ ഒരുഭാഗത്തെ ഗതാഗതം തടസ്സപ്പെടും. രണ്ട് ബസുകൾ നിർത്തിയാൽ ഗതാഗതം പൂർണമായും സ്തംഭിക്കും. ഇതിനിടയിലേക്ക് പാലാ, മണിമല, കൊടുങ്ങൂർ ക്ഷേത്രം എന്നീ റോഡുകളിൽനിന്ന് വാഹനങ്ങളെത്തുമ്പോൾ കവല ആകെ കുരുക്കിലാകും.
കുരുക്കിനൊപ്പം അപകടങ്ങളും പതിവാണ്. യാതൊരു ക്രമീകരണവുമില്ലാത്തതിനാൽ തോന്നുംപോലെയാണ് വാഹനങ്ങൾ പോകുന്നത്. ഇതിനിടയിലൂടെ വേണം യാത്രക്കാർ സഞ്ചരിക്കാൻ. തിരക്കേറുമ്പോൾ റോഡിന് കുറുകെ കടക്കാൻപോലും പ്രയാസമാണ്.
സ്കൂൾ- കോളേജ് വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് കവലയിൽ ബസ് കയറാനെത്തുന്നത്. കോട്ടയം ഭാഗത്തേക്ക് പോകുന്നവർക്ക് ഒരു കാത്തിരിപ്പുകേന്ദ്രം പോലുമില്ല. മറ്റുകവലകളെ അപേക്ഷിച്ച് വീതികുറഞ്ഞ ഭാഗമാണിവിടം. വാഹനം പാർക്കുചെയ്യാൻപോലും സ്ഥലമില്ലാത്തതിനാൽ കടകളിലിറങ്ങാൻ പോലും ആളുകൾ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.






