പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിലെ തന്റെ പുതിയ പോസ്റ്റർ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ സ്റ്റൈലിഷ് മാസ് ലുക്കാണ് പോസ്റ്ററിന്റെ ശ്രദ്ധാകേന്ദ്രം.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മാളവിക ശർമ്മയാണ് നായിക. നടിയുടെ മലയാള സിനിമയിലെ ആദ്യ അരങ്ങേറ്റം കൂടിയാണ് ഖലീഫ.
ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ജിനു വി. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ജിനു ഇന്നോവേഷൻസാണ് നിർവഹിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമ്മാതാക്കളാണ്.
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറാണ്. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.
സുരേഷ് ദിവാകർ കോ ഡയറക്ടറായും വിശ്വനാഥ് അരവിന്ദ് കലാസംവിധായകനായും പ്രവർത്തിക്കുന്നു. മഷർ ഹംസ വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു.
പൃഥ്വിരാജിന്റെ മാസ് അവതരണവും മോഹൻലാലിന്റെ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റുകളായി മാറിയിരിക്കുകയാണ്. ആക്ഷനും ത്രില്ലും നിറഞ്ഞ വലിയ ക്യാൻവാസിലുള്ള സിനിമയ്ക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.






