കോട്ടയം: പോളിയോ ബാധിച്ച് വലതുകാലിന് പരിമിതിയുള്ള തോട്ടയ്ക്കാട് സ്വദേശി വി.ജെ. ഫിലിപ്പിന് സർക്കാർ ചട്ടപ്രകാരം പ്രത്യേക സംവിധാനങ്ങൾ ഘടിപ്പിച്ച പുതിയ കാറിന് 'ഇൻവാലിഡ് ക്യാരേജ്' സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പരാതി. ഒരു വർഷത്തിലേറെയായി വിവിധ തലങ്ങളിൽ പരാതി നൽകിയിട്ടും പരിഹാരമില്ലെന്നാണ് ഫിലിപ്പിന്റെ ആരോപണം.
തോട്ടയ്ക്കാട് ഇരവുചിറ വെട്ടിത്താനം വീട്ടിൽ വി.ജെ. ഫിലിപ്പ് 2007-ലാണ് ഡ്രൈവിങ് ലൈസൻസ് നേടിയത്. തുടർന്ന് ചങ്ങനാശേരി ജോയിന്റ് ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്ത രണ്ട് കാറുകൾ സ്വന്തമാക്കുകയും, കാലിന്റെ പരിമിതിക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി അവയ്ക്ക് 'ഇൻവാലിഡ് ക്യാരേജ്' സർട്ടിഫിക്കറ്റും ലഭിക്കുകയും ചെയ്തിരുന്നു.
ഒരു വർഷം മുൻപ് വാങ്ങിയ പുതിയ കാറിലും സർക്കാർ നിർദേശപ്രകാരം ഇടതുവശത്ത് പ്രത്യേക ആക്സിലറേറ്റർ ഘടിപ്പിച്ച് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ഫിലിപ്പ് ആരോപിക്കുന്നു. വാഹനത്തിന് കൂടുതൽ പവർ ഉള്ളതിനാലാണെന്ന കാരണമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വിഷയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ മുഖേന നിലവിലെ ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ഫിലിപ്പിന്റെ ആരോപണം. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്കൂട്ടർ യാത്ര പ്രയാസമായ സാഹചര്യത്തിൽ, പ്രത്യേക സംവിധാനമുള്ള കാർ ഉപയോഗിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.






