ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച കടുത്ത വിമർശനങ്ങള്‍ ഉയർന്നതിനെത്തുടർന്ന്, ഇൻസ്റ്റാഗ്രാമില്‍ അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ മെറ്റ പിൻവലിച്ചു.
പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജമോ എഡിറ്റ് ചെയ്തതോ ആയ ചിത്രങ്ങള്‍ നിർമ്മിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ വിവാദ ഫീച്ചർ.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറ്റ തങ്ങളുടെ 'മ്യൂസ് ഇമേജ്' എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായി ഈ ഫീച്ചർ പുറത്തിറക്കിയത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്താനും വ്യാജരൂപങ്ങള്‍ സൃഷ്ടിക്കാനും ചാറ്റ്ബോട്ട് വഴി സാധിക്കുമായിരുന്നു എന്നതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.
എതിർപ്പുകള്‍ ശക്തമായതോടെ, തങ്ങളുടെ ലക്ഷ്യം പിഴച്ചതായി മെറ്റ തന്നെ സമ്മതിച്ചു. മെറ്റയുടെ നടപടിക്കെതിരെ ലണ്ടൻ ആസ്ഥാനമായുള്ള 'പ്രൈവസി ഇന്റർനാഷണല്‍' അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മനുഷ്യരുടെ ചിത്രങ്ങളെ വെറും അസംസ്കൃത വസ്തുക്കളായി കാണുന്ന എഐ കമ്പനികളുടെ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.
കൂടാതെ, തങ്ങളുടെ ഡിജിറ്റല്‍ രൂപസാദൃശ്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ ഹോളിവുഡ് യൂണിയനായ 'സാഗ്-ആഫ്ട്ര' (SAG-AFTRA) ഇൻസ്റ്റാഗ്രാം ഉപയോക്താക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ പിൻമാറ്റത്തെ യൂണിയൻ ഒരു വലിയ വിജയമായാണ് കാണുന്നത്.
ഇൻസ്റ്റാഗ്രാമില്‍ മാത്രമാണ് ഈ ഫീച്ചർ കൊണ്ടുവന്നതെങ്കിലും, ഭാവിയില്‍ വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിലേക്കും കൂടുതല്‍ എഐ സംവിധാനങ്ങളും പുതിയ എഐ വീഡിയോ ടൂളും കൊണ്ടുവരാൻ മെറ്റയ്ക്ക് പദ്ധതിയുണ്ട്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ഇനിയുള്ള നീക്കങ്ങളെക്കുറിച്ച് മെറ്റ ഔദ്യോഗികമായി കൂടുതല്‍ പ്രതികരിച്ചിട്ടില്ല.






