കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വൻ പുറമ്പോക്ക് ഭൂമി കയ്യേറ്റവും അനധികൃത മതിൽ നിർമ്മാണവും തകൃതിയായി പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ പേട്ട കവലയിലാണ് നിയമസംവിധാനങ്ങളെപ്പോലും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് സ്വകാര്യ വ്യക്തിയുടെ ഭൂമി വെട്ടിപ്പിടിത്തം നടക്കുന്നത്.

പേട്ട കവലയിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന വിലപ്പെട്ട പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടി തിരിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 'സ്റ്റോപ്പ് മെമ്മോ' നൽകി, ഉന്നത ഭരണാധികാരികളുടെ കറുത്ത കരങ്ങൾ.
തദ്ദേശ ഭരണസമിതിയിലെ ചില ഉന്നതരുടെ സജീവ പിന്തുണയും ഒത്താശയുമുള്ളതുകൊണ്ടാണ് കയ്യേറ്റക്കാരൻ നിയമത്തെ പരസ്യമായി വെല്ലുവിളിച്ച് നിർമ്മാണം തുടരുന്നതെന്ന ഗുരുതരമായ ആരോപണമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.
പൊതുസ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കയ്യേറ്റക്കാർക്ക് കുടപിടിക്കുന്നതിനെതിരെ ശക്തമായ ജനരോഷമാണ് ഉയർന്നുവരുന്നത്.
സംഭവത്തിൽ അടിയന്തരമായി ജില്ലാ കളക്ടറും റവന്യൂ അധികൃതരും ഇടപെട്ട് നിർമ്മാണം തടയണമെന്നും, പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ച് കയ്യേറ്റക്കാർക്കും കൂട്ടുനിന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.






