ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി.
വിചാരണ നടപടികള്‍ക്കായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് മുട്ടം അഡീഷണല്‍ സെഷൻസ് കോടതിയുടെ നടപടി.
കൊലപാതകം നടന്ന് നാലര വർഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.
ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ധീരജ് രാജേന്ദ്രൻ, 2022 ജനുവരി 1നാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്.
കേസില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവർത്തകരായ നിഖില്‍ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കല്‍, സോയിമോൻ സണ്ണി, ജസിൻ ജോയ്, അലൻ ബേബി എന്നിവരാണ് പ്രതികള്‍.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നല്കിയ അപ്പീലുകള്‍ തളളിയതിന് പിന്നാലെയാണ് വിചാരണ തുടങ്ങിയത്.






