കോട്ടയം: ചക്കയിടുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പരുത്തുംപാറ കുഴിമറ്റം തുണ്ടിപ്പറമ്പിൽ കരോട്ട് (കലയംതടം) ടി.ജി. രാജൻ (66) ആണ് മരിച്ചത്.
പാറക്കുളം കൂളിയാട്ടുമൂല ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രാജൻ. വെള്ളൂത്തുരുത്തി അമ്പലത്തിന് സമീപമുള്ള സ്വകാര്യ പുരയിടത്തിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ചക്കയിടുന്നതിനായി പ്ലാവിൽ കയറിയത്. ചക്കയിട്ട ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ ഏകദേശം പത്തടി ഉയരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം മൂന്നരയോടെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഓഗസ്റ്റ് 12) ഉച്ചയ്ക്ക് സഹോദരൻ ടി.ജി. തങ്കച്ചന്റെ സദനം സ്കൂളിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാരം വൈകുന്നേരം നാലിന് നെല്ലിക്കൽ എസ്.എൻ.ഡി.പി. പാത്താമുട്ടം ശ്മശാനത്തിൽ നടക്കും.
ഭാര്യ: നീലംപേരൂർ കളത്തിൽ ശ്രീദേവി രാജൻ
മക്കൾ: ശ്രീജ, ശ്രീഷ്മ
മരുമകൻ: അനീഷ് തോട്ടുകണ്ടത്തിൽ






