വാട്സ്ആപ്പ് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാനും ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും വിൽപ്പന സാധ്യതകൾ കൈകാര്യം ചെയ്യാനുമുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനവുമായി മെറ്റ.
'മെറ്റ ബിസിനസ് ഏജന്റ്' എന്ന പേരിലുള്ള പുതിയ ഫീച്ചർ വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായാണ് കമ്പനി അവതരിപ്പിച്ചത്.
മുംബൈയിൽ നടന്ന വാട്സ്ആപ്പിന്റെ മൂന്നാമത് വാർഷിക ബിസിനസ് സമ്മിറ്റിലാണ് പ്രഖ്യാപനം. ഇന്ത്യയിൽ സേവനം ആരംഭിച്ചെങ്കിലും എല്ലാ ബിസിനസ് അക്കൗണ്ടുകളിലേക്കും ഈ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമാകും.
ബിസിനസിന്റെ വെബ്സൈറ്റ്, പ്രൊഫൈൽ, ഉൽപ്പന്ന കാറ്റലോഗ്, പ്രവർത്തനസമയം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് എഐ ഏജന്റ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഓട്ടോമാറ്റിക്കായി മറുപടി നൽകാനും ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനും ആവശ്യത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർദേശിക്കാനും ഈ സംവിധാനത്തിന് കഴിയും. ആവശ്യമെങ്കിൽ സംഭാഷണം മനുഷ്യ ജീവനക്കാർക്ക് ഏറ്റെടുക്കാനും അവസരമുണ്ട്.
വാട്സ്ആപ്പ് ബിസിനസ് ആപ്പിലെ ടൂൾസ് വിഭാഗത്തിൽ ലഭിക്കുന്ന എഐ ഏജന്റ് ഓപ്ഷൻ വഴിയാണ് സേവനം സജ്ജമാക്കുന്നത്. രേഖകൾ, ചിത്രങ്ങൾ, മാതൃകാ മറുപടികൾ, ജനപ്രിയ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ എന്നിവ ചേർത്ത് എഐയെ പരിശീലിപ്പിക്കാനും സ്ഥാപനങ്ങൾക്ക് സാധിക്കും. എല്ലാ പുതിയ ചാറ്റുകൾക്കും മറുപടി നൽകണോ, പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമോ എന്നതടക്കമുള്ള ക്രമീകരണങ്ങളും ബിസിനസുകൾക്ക് തിരഞ്ഞെടുക്കാം.






