.കോട്ടയം: സര്‍ക്കാര്‍ പെര്‍മിറ്റ് നല്കി സര്‍വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകളെ തകര്‍ത്ത്, കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെ അനധികൃത സര്‍വീസ്.
റെഡ്ബസ് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത് നിയമാനുസൃതം സര്‍വീസ് നടത്തുന്ന ബസുകള്‍ക്കാണു അനധികൃത സര്‍വീസുകള്‍ ഭീഷണിയാകുന്നത്. മധ്യകേരളത്തില്‍ നിന്നു മലബാര്‍ മേഖലയിലേക്കു പെര്‍മിറ്റുള്ള സ്വകാര്യ ബസുകളുടെ ഉടമകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു ദൂരപരിധി പറഞ്ഞു ഇത്തരം ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പെര്‍മിറ്റ് പുതുക്കി നല്കാന് അവസരം നല്കി. പെര്‍മിറ്റ് കരസ്ഥമാക്കി വീണ്ടും സര്‍വീസിനെത്തിയപ്പോള്‍ അനധികൃത സര്‍വീസുകള്‍ വിലങ്ങുതടിയാകുകയായിരുന്നു.
കോണ്ട്രാക്റ്റ് കാര്യേജ് സര്‍വീസുകള്‍ ഓള് ഇന്ത്യ പെര്‍മിറ്റ് എടുത്ത് ഓടണമെന്നാണ് നിയമം. മൂന്നു മാസത്തിലൊരിക്കല്‍ 90000 രൂപ നികുതിയായി നല്‍കണം. എന്നാല്‍, കോട്ടയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ പെര്മിറ്റൊന്നുമില്ലാതെയാണ് പായുന്നത്.
വര്‍ഷങ്ങള്‍ ഓടാതെ കിടന്ന ശേഷം നിയമപരമായി പെര്‍മിറ്റ് കരസ്ഥമാക്കി ഓടാനെത്തുന്ന ബസുകളുടെ മുന്നില്‍ അതേ റൂട്ടിലാണ് അനധികൃത സര്‍വീസുകളും.ഫോണ്‍ ബുക്കിങ്ങ് വഴി ജി.എസ്.ടി പോലും അടയ്ക്കാതെയാണ് ഇവരുടെ ഓട്ടം. ഇതുമൂലം സര്‍ക്കാരിന് ഒരു ബസില്‍ നിന്ന് ശരാശരി 2000 രൂപ വരെ ദിവസേന നഷ്ടമുണ്ടാകുന്നു. തിരക്കുള്ളപ്പോള്‍ അമിത നിരക്ക് ഈടാക്കുന്ന ഈ സര്‍വീസുകള്‍ ഓഫ് സീസണില്‍ താഴ്ന്ന നിരക്കില്‍ ഓടുന്നതിനാല്‍ സ്റ്റേജ് ബസുകളുടെ സര്‍വീസ് തകരുകയാണ്.
നാഗാലാന്റ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ രജിസ്്റ്റര്‍ ചെയ്തിരിക്കുന്ന ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത്.
വിവിധ പേരുകളിലായി മധ്യ കേരളത്തില്‍ നിന്ന് ഇരുപതിലേറെ സര്വീസുകളാണുള്ളതെന്നു സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ആവശ്യത്തിന് യാത്രക്കാരില്ലെങ്കില്‍ പുറപ്പെടുന്നതിനു മുമ്പ് യാത്ര റദ്ദാക്കുന്നതും അനധികൃത സര്‍വീസുകളുടെ പതിവാണെന്നു യാത്രക്കാര്‍ക്കും പരാതിയുണ്ട്.





