തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഉമറിനെ തെളിവെടുപ്പിനെത്തിച്ചു.
പാങ്ങാപ്പാറയില്‍ അഭിരാമിൻ്റെ മൃതദേഹം ലഭിച്ച സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനിടെ, തനിക്ക് അഭിരാമിനെ അറിയില്ലെന്നും താൻ കൊലപാതകത്തില്‍ പങ്കാളിയല്ലെന്നും ഉമർ ആവർത്തിച്ചു.
'ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇവിടെ പിടിച്ചുവെച്ചേക്കുന്നത്. ഞാന്‍ ഇവിടെ വന്നിട്ടില്ല. എന്നെ ഇതില്‍ പ്രതിയാക്കിയതാണ്. എനിക്ക് അഭിരാമിനെ അറിഞ്ഞുകൂടാ. അവനെന്റെ കൂട്ടുകാരന് പോലുമല്ല.' ഉമർ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാം പ്രതി ഉമറിനെയും മൂന്നാം പ്രതി ആനന്ദിയെയും ഇന്നലെയാണ് പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. നാളെ വൈകുന്നേരത്തോടെ കസ്റ്റഡി കാലാവധി കഴിയും.
പ്രതികള്‍ ഇപ്പോഴും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നെന്നാണ് പൊലീസ് പറയുന്നത്. അഭിരാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെ കളഞ്ഞു എന്നതില്‍ കൃത്യമായ വിവരം പൊലീസിന് പ്രതികളില്‍ നിന്ന് ലഭിച്ചിട്ടില്ല.
പതിനേഴുകാരനായ ഒന്നാം പ്രതി ഫോണ്‍ തോട്ടില്‍ എറിഞ്ഞെന്ന് പറയുമ്പോള്‍, ഉമർ അത് കാട്ടിലേക്ക് എറിഞ്ഞെന്നാണ് പറയുന്നത്.
അഭിരാമിന്റെ വസ്ത്രങ്ങളോ മൊബൈല്‍ ഫോണോ കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റോ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൊലപാതകം ആസൂത്രണം ചെയ്താണ് നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.
ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.






