രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിന് പിന്നിലെ ദുരൂഹതകളുമാണ് ട്രെയിലറിൽ കാണിക്കുന്നത്.
ഒരു കൊലപാതക ഇൻവെസ്റ്റിഗേഷന്റെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലർ തുടക്കം മുതൽ അവസാനം വരെ സസ്പെൻസും ഉദ്വേഗവും നിലനിർത്തുന്നു. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം ഓരോ കഥാപാത്രത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന രംഗങ്ങളും അപ്രതീക്ഷിതമായി പുറത്തുവരുന്ന സൂചനകളും ട്രെയിലറിന്റെ ത്രില്ലർ സ്വഭാവത്തിന് ആക്കം കൂട്ടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന ഉദ്യോഗസ്ഥരുടെ രംഗങ്ങളും ട്രെയിലറിൽ ശ്രദ്ധേയമാണ്.
സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു.






