കുമരകം: വർഷങ്ങളായി ഗതാഗതസൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന മൂലേപ്പാടം നിവാസികൾക്ക് ആശ്വാസമായി പുതിയ റോഡ് നിർമ്മാണം ആരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത് അംഗം പി.കെ. വൈശാഖിന്റെ ഡിവിഷൻ ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ ചെലവഴിച്ചാണ് ചാഴുവലത്തുകരി – മൂലേപ്പാടം – തോണിക്കടവ് റോഡ് നിർമ്മിക്കുന്നത്.
വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കം നിന്നിരുന്ന പ്രദേശത്ത് പുതിയ റോഡ് യാഥാർഥ്യമാകുന്നതോടെ സാധാരണക്കാരായ 35 കുടുംബങ്ങൾക്ക് യാത്രാസൗകര്യം ലഭിക്കും . വിദ്യാർഥികൾക്കും കർഷക തൊഴിലാളികൾക്കും
പുതിയ റോഡ് വലിയ ആശ്വാസമാകും.
പുതിയ റോഡിന്റെ നിർമ്മാണോദ്ഘാടനം നാട്ടകം സുരേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരിമഠം, പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വിഷ്ണു മണി, അഡ്വ.അലൻ കുര്യാക്കോസ് മാത്യു, വികസനസമിതി അംഗങ്ങളായ പുഷ്കരൻ കുന്നത്തുചിറ, കുഞ്ഞച്ചൻ വേലിത്തറ പഞ്ചായത്ത്അംഗങ്ങളായ സലിമ ശിവാത്മജൻ, ടിൻ്റു ലൂയിസ്, ദിവ്യാദാമോരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.





