കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ കോളേജ് അദ്ധ്യാപികയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച യുവാവ് പിടിയില്‍.
മലപ്പുറം എടപ്പാള്‍ ആത്രപ്പള്ളി വീട്ടില്‍ പ്രശാന്ത് (കീടം പ്രശാന്ത്, 38) നെ ആണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കം പിടികൂടി. കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അജയ മോഹന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിൻ, പ്രൊബേഷണറി എസ്.ഐ അജയ്, എ.എസ്.ഐ സജി, എസ്.സി.പി.ഒ അരുണ്‍കുമാർ, സി.പി.ഒമാരായ വിനയചന്ദ്രൻ, അനുലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.






