video
play-sharp-fill

ഫോൺ മോഷണക്കേസ് പരാതി പിൻവലിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടു, അവരത് കേട്ടില്ല, മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ ഉപേക്ഷിച്ചു, അവരെന്റെ ജീവിതം തകർത്തു, അതിനുള്ള പ്രതികാരമാണ് ചെയ്തത്; തിരുവാതുക്കൽ കൊലപാതകത്തിൽ വൈരാഗ്യത്തിൻ്റെ വാക്കുകളുമായി പ്രതിയുടെ മൊഴി; പ്രതിയെ ഇന്ന് കോട്ടയം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Spread the love

കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് പകവീട്ടാനെന്ന് പ്രതി അമിത് ഉറാങ്. പൊലീസിന് നൽകിയ മൊഴിയിലാണ് വൈരാഗ്യത്തിൻ്റെ വാക്കുകൾ. തന്റെ ജീവിതം വിജയകുമാറും മീരയും ചേർന്ന് തകർത്തുവെന്നും അതിനുള്ള പ്രതികാരമാണ് ചെയ്‌തതെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

തനിക്കെതിരായ ഫോൺ മോഷണക്കേസ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിജയകുമാർ ചെവിക്കൊണ്ടില്ല. മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ ഉപേക്ഷിച്ചു. ഇതും ദമ്പതികളെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചുവെന്നും അമിത് പറയുന്നു.

പ്രതിയെ ഇന്ന് കോട്ടയം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. കേസിൽ അമിത് മാത്രമാണ് പ്രതിയെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമാകും വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം നടത്തുക. മൂന്ന് വർഷത്തോളമാണ് വിജയകുമാറിൻ്റെ വീട്ടിലും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലും അമിത് ജോലി ചെയ്തത്‌. ഇക്കാലത്താണ് വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്‌ടിച്ച് അതുവഴി പണം തട്ടിയെടുത്തത്.

പൊലീസിൽ വിജയകുമാർ പരാതി നൽകിയതോടെ അഞ്ചുമാസത്തോളം അമിത് ജയിലിൽ ആയിരുന്നു. കൊലപാതകം നടത്തി മുങ്ങിയ അമിതിനെ മാളയ്ക്കടുത്ത് ആലത്തൂരിലെ ലേബർ ക്യാംപിന് സമീപമുള്ള കോഴിഫാമിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അമിതിന്റെ സഹോദരൻ ഇവിടെയാണ് ജോലി ചെയ്‌തിരുന്നത്‌.

ദമ്പതികളെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ വിരൽ അടയാളങ്ങളും ഫോൺ മോഷണക്കേസിലെ വിരൽ അടയാളങ്ങളും ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതി അമിത് ആണെന്ന് പൊലീസ് ഉറപ്പിച്ചതും മണിക്കൂറുകൾക്കകം അറസ്‌റ്റ് ചെയ്തതും.