മന്ത്രിമാരുടെ സുരക്ഷയ്ക്ക് ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നു; വടിവാളുമായി നില്‍ക്കുന്ന ക്രിമിനൽ കേസ് പ്രതിയുടെ വീഡിയോ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്ത് മന്ത്രി പി രാജീവിന്റെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കൊട്ടേഷന്‍ സംഘാംഗങ്ങളെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്.മന്ത്രിമാരുടെ സുരക്ഷക്ക് ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് വിമർശനം.
കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തിലാണ് പുതിയ ആരോപണം ഉയരുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളെ കൂട്ടു പിടിച്ചാണ് ഡിവൈഎഫ്‌ഐക്കാര്‍ അക്രമിച്ചതെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുണ്ടയ്ക്കല്‍ സ്വദേശി ആനന്ദാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു. ആനന്ദും സംഘവും വടിവാളുമായി നില്‍ക്കുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് പുറത്തു വിട്ടു.
കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകള്‍ ആനന്ദിന്റെ പേരിലുണ്ട്. കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പരിപാടികള്‍ നടത്തുന്ന ഡിവൈഎഫ്‌ഐ കൊല്ലത്ത് ഇത്തരം ആളുകളെ വളര്‍ത്തുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിക്കുന്നു.
വലിയ അക്രമം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. പ്രവര്‍ത്തകരെ അക്രമിച്ചവരെ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.