വനിതാ സഹകരണ സംഘത്തില്‍ 1.5 കോടി രൂപയുടെ തട്ടിപ്പ്: വ്യാജ അക്കൗണ്ടുകളിലൂടെ വായ്പ തട്ടിപ്പ് നടത്തിയ സൊസൈറ്റി സെക്രട്ടറിയെ റിമാൻഡ് ചെയ്തു
കണ്ണൂർ: ഇരിട്ടി അങ്ങാടിക്കടവ് ആസ്ഥാനമായ അയ്യൻകുന്ന് വനിതാ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ വഴി 1.5 കോടി രൂപയോളം വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സൊസൈറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജമായി 50,000 രൂപ സഹകരണ സംഘത്തിൽ നിന്നും വായ്‌പ എടുത്തതായി കാണിച്ച് സംഘത്തിലെ ഒരംഗം നൽകിയ പരാതിയിലും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തി 1.5 കോടി രൂപയോളം തട്ടിയതായും കാണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നൽകിയ പരാതിയിലുമാണ് കേസ്.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കമ്പിനിരത്ത് പ്രദേശത്തുള്ള നിരവധി പേരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വായ്പത്തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീല നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വെള്ളിയാഴ്ച കരിക്കോട്ടക്കരി സ്റ്റേഷനിൽ നേരിട്ട് ഹാജരായപ്പോഴാണ് അറസ്റ്റിലായത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.