play-sharp-fill
ഭാര്യയെ കൊല്ലണമെന്ന തീരുമാനമെടുത്തത് രണ്ട് വർഷം മുൻപ്; വീട് അകത്തുനിന്നും പൂട്ടി ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ഭാര്യയെ കൊല്ലണമെന്ന തീരുമാനമെടുത്തത് രണ്ട് വർഷം മുൻപ്; വീട് അകത്തുനിന്നും പൂട്ടി ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന്റെ വാർത്തയറിഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് പെരിങ്ങത്തൂർ നാട്. ഭാര്യയെ കൊല്ലാനുള്ള തീരുമാനം രണ്ട് വർഷം മുൻപ് തന്നെ എടുത്തിരുന്നുവെന്നത് പറയുമ്പോൾ മോഹനന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.

പാനൂർ നഗരസഭയിലെ പുല്ലൂക്കര വിഷ്ണുവിലാസം യു.പി. സ്‌കൂളിന് സമീപം പടിക്കൽ കൂലോത്ത് രതി (51)യാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഇവർ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ ഭർത്താവ് മോഹനൻ (60) വീടിന്റെ വാതിൽ പൂട്ടിയിടുകയും കിടപ്പുമുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ പൊളിച്ച് അകത്തുകയറി. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്ന രതി അപ്പോഴേക്കും മരിച്ചു. വെട്ടുകത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനനെ നാട്ടുകാർ പിടിച്ച് വീടിന് പുറത്തെത്തിച്ചു. ഇയാളും ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ചൊക്ലി പോലീസ് വീട്ടിലെത്തി മോഹനനെ കസ്റ്റഡിയിലെടുത്തു.

കുറച്ചുകാലം കോയമ്പത്തൂരിൽ വ്യാപാരിയായിരുന്ന മോഹനൻ ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. ഫൊറൻസിക് വിദഗ്ധരെത്തിയതിനുശേഷം വൈകുന്നേരത്തോടെ മൃതദേഹം കണ്ണൂർ ഗവ. മെഡി. കോളജ് ആസ്പത്രിയിലേക്ക് മാറ്റി. മൃതദേഹപരിശോധനയ്ക്കുശേഷം വ്യാഴാഴ്ച പുല്ലൂക്കരയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

കൊല നടത്തിയതിനുശേഷം പോലീസ് കസ്റ്റഡിയിലെടുത്ത മോഹനൻ അക്ഷോഭ്യനായിരുന്നു. ഭാര്യയെ കൊല്ലണമെന്ന തീരുമാനമെടുത്തിട്ട് രണ്ടുവർഷത്തോളമായെന്നും സ്വന്തം വീട്ടിൽ എല്ലാവരും തന്നെ അവഗണിക്കുകയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഭാര്യയെ ഇല്ലാതാക്കി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും മൊഴിനൽകി.

സംഭവസ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും ഭാഗികമായി പണിതീർന്ന വീട്ടിലായിരുന്നു ഭർത്താവ് മോഹനനും രണ്ടുമക്കളുമടങ്ങുന്ന കുടുംബം താമസിച്ചുവന്നത്. വീട്ടുകാര്യങ്ങളൊക്കെ രതി നോക്കുമായിരുന്നു. അക്ഷയകേന്ദ്രത്തിൽ പോയി പുതിയ രീതിയിൽ റേഷൻകാർഡ് മാറ്റിയെടുത്തത് കഴിഞ്ഞ ദിവസമാണ്. ഭർത്താവ് മോഹനന് നേരത്തേ കോയമ്പത്തൂരിൽ കച്ചവടമുണ്ടായിരുന്നു. അന്ന് കുടുംബസമേതം അവിടെയായിരുന്നു താമസം. അഞ്ചുവർഷമായി ഇപ്പോൾ നാട്ടിൽ തന്നെ സ്ഥിരതാമസമായിട്ട്. ഇപ്പോൾ മോഹനന് തൊഴിലൊന്നുമില്ലായിരുന്നു. മകളുടെ കല്യാണം കഴിഞ്ഞു. ഒരു കുട്ടിയുമുണ്ട്. മകൻ ചെറിയ തോതിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിക്കാവുന്ന സംഭവങ്ങളൊന്നും വീട്ടിൽ ഉണ്ടാവാറില്ലെന്ന് അയൽ വീട്ടുകാരും ബന്ധുക്കളും പറയുന്നു.

ആറുമണിക്കൂറോളം മൃതദേഹം വീട്ടിനുള്ളിൽതന്നെയായിരുന്നു. പോലീസ് നടപടികൾക്കും ഫൊറൻസിക് വിദഗ്ധരുടെ പരിശോധനകൾക്കും ശേഷം വൈകീട്ടാണ് മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോേളജിലേക്ക് മാറ്റിയത്.

പരേതരായ കുഞ്ഞമ്പുവിന്റെയും ദേവിയുടെയും മകളാണ് രതി. ധനിത്ത്, ധനിഷ എന്നിവരാണ് മക്കൾ. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: പ്രകാശൻ, സുമതി, സതി. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, നർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ജസ്റ്റിൻ അബ്രഹാം, ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ സി. ഷാജു, എസ്.ഐ. സൂരജ് ഭാസ്‌കർ എന്നിവർ വീട്ടിലെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയസാംസ്‌കാരികരംഗത്തെ പ്രമുഖർ എന്നിവരെല്ലാം വീട്ടിലെത്തി.