play-sharp-fill
കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്; ചാണ്ടി ഉമ്മനെ കളത്തിലിറക്കി  ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിലനിർത്താൻ കോൺഗ്രസ് ; സീറ്റ് പിടിച്ചെടുക്കാൻ സിപിഎം; ചാണ്ടി ഉമ്മനെ പിന്നിൽ നിന്ന് കുത്തി സീറ്റ് കൈക്കലാക്കാൻ പുതുപ്പള്ളിയിലെ കോൺഗ്രസ് നേതാവ് !

കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്; ചാണ്ടി ഉമ്മനെ കളത്തിലിറക്കി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിലനിർത്താൻ കോൺഗ്രസ് ; സീറ്റ് പിടിച്ചെടുക്കാൻ സിപിഎം; ചാണ്ടി ഉമ്മനെ പിന്നിൽ നിന്ന് കുത്തി സീറ്റ് കൈക്കലാക്കാൻ പുതുപ്പള്ളിയിലെ കോൺഗ്രസ് നേതാവ് !

സ്വന്തം ലേഖകൻ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സിപിഎമ്മും ചര്‍ച്ച തുടങ്ങിയതോടെ കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്.

ഉമ്മൻ ചാണ്ടിയുടെ കബറിടം ഒരു തീര്‍ത്ഥാടന കേന്ദ്രം പോലെയായിട്ടുണ്ട്. നൂറു കണക്കിന് ആളുകളാണ് ദിവസവും ഇവിടെ വന്നു പോകുന്നത്. ഇതെല്ലാം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ്
കോൺഗ്രസിന്റെ കണക്ക്കൂട്ടല്‍. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ചത് പോലെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മേല്‍ക്കൈ നേടാനാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം. തൃക്കാക്കരയില്‍ പരീക്ഷിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തന്നെയാകും പുതുപ്പളളിയിലും കോണ്‍ഗ്രസ്സ് പയറ്റുക.

ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായി കുറച്ച ജെയ്ക് സി തോമസ് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാർഥി . എന്നാൽ ചാണ്ടി ഉമ്മനെ വെട്ടി പുതുപ്പള്ളി സീറ്റ് പിടിച്ചെടുക്കാൻ ജില്ലയിലെ ഒരു നേതാവ് പരസ്യമായും മറ്റൊരു നേതാവ് രഹസ്യമായും ചരട് വലികൾ നടത്തുന്നുണ്ട്.

പുതുപ്പള്ളിയിലെ വികസനമില്ലായ്മ ഉയര്‍ത്തിക്കാട്ടി സഹതാപ തരംഗത്തെ മറികടക്കാനും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനും കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.

ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പുതുപ്പള്ളിയിലെ പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നല്‍കി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിക്കാനാണ് തീരുമാനം. ജെയ്ക്ക് സി.തോമസിനോട് മണര്‍കാട് കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണു വാകത്താനം പഞ്ചായത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതല നല്‍കി. കോട്ടയം ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.ജെ.തോമസിന് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിനു മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റി അംഗം എ.വി.റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നല്‍കി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളില്‍ ബ്രാഞ്ച് കമ്മിറ്റികളുടെ യോഗം ചേരും. രണ്ടാഴ്ചയ്ക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം മുതല്‍ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും