തമിഴ്നാട് നീലഗിരിയിൽ കാട്ടാനാക്രമണത്തിൽ മലയാളി കർഷകന് ദാരുണാന്ത്യം; ഒരു വർഷത്തിനിടെ നാലു പേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്; കുംങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തുമെന്ന് അധികൃതർ
വയനാട്: വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്.
പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്.
ഇതോടെ പ്രതിഷേധമാണ് അണപൊട്ടി. കോഴിക്കോട് ഊട്ടി അന്തർ സംസ്ഥാനപാത ഉപരോധിച്ച ആയിരുന്നു പ്രതിഷേധം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്.
കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തും എന്നും അധികൃതർ ഉറപ്പ് നൽകി.
അതേസമയം, മറയൂർ കാന്തല്ലൂർ ജനവാസ മേഖലയിലും കാട്ടാന ഇറങ്ങി. ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ഇന്ന് പ്രദേശത്ത് നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം മൂന്നു പേരെ ആക്രമിച്ച മോഴ ആനയാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പിലെ 73 പേരാണ് ആനകളെ തുരത്താനുള്ള ദൗത്യത്തിലുള്ളത്.
5 സംഘമായി തിരിഞ്ഞാണ് ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് ആണ് ആനകളെ തുരത്തുക.