നാലു ദിവസം നീണ്ട ദുരിതത്തിന് പരിഹാരം ; തലസ്ഥാനത്ത് ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു ; സിപിഎമ്മിനും സർക്കാരിനും നഗരസഭാ ഭരണകൂടത്തിനുമെതിരായ ജനവികാരം ഉയർത്താൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് ആരോപണം ; നഗരസഭയും പാർട്ടി സഖാക്കളും ജലപാനമില്ലാതെ നാലുദിവസം മൗനം ഭജിച്ചെങ്കില്‍ പിന്നില്‍ ദുരൂഹതയില്ലേ എന്ന ചോദ്യവും ; ശക്തമായ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാനായാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടുലിൽ ബിജെപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി. ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം ഒരു അപകടമോ ആകസ്മികമോ ആകാനുള്ള സാധ്യത വളരെ വിരളമെന്നാണ് നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണകൂടം നിഷ്ക്രിയമെന്ന് വരുത്തി സിപിഎമ്മിനും സർക്കാരിനും നഗരസഭാ ഭരണകൂടത്തിനുമെതിരായ ജനവികാരം ഉയർത്താൻ ബോധപൂർവമായ ശ്രമം നടന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. സെക്രട്ടറിയേറ്റും നിയമസഭയും മന്ത്രിമന്ദിരങ്ങളും മെഡിക്കല്‍ കോളജും ആർസിസിയും അടക്കം ഒട്ടേറെ വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരത്തില്‍ നാലു ദിവസമായി കുടിവെള്ളം മുട്ടുകയും ഫലപ്രദമായ ബദല്‍ ക്രമീകരണങ്ങള്‍ നടപ്പാക്കാനാകാതെ വരികയും ചെയ്തത് നഗരസഭയുടെയോ ജലവിഭവ വകുപ്പിന്റെയോ മാത്രം പിടിപ്പുകേട് എന്ന് പറഞ്ഞൊഴിയാൻ സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും സർക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കഴിയില്ല എന്നതാണ് വാസ്തവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മണിക്കൂർ കുടിവെള്ളം മുടങ്ങിയാല്‍ ഇടപെടുന്ന പഞ്ചായത്ത് മെമ്ബർമാരുള്ള നാടാണിത്. ഒരു ദിവസം കുടിവെള്ളം മുടങ്ങിയാല്‍ വാട്ടർ അതോറിറ്റിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞുവെച്ച് പരിഹാരം കാണാൻ ആർജ്ജവം കാട്ടുന്ന രാഷ്ട്രീയ നേതാക്കളുള്ള നാടാണിത്. എന്നിട്ടും തിരുവനന്തപുരത്തെ സർക്കാരും നഗരസഭയും പാർട്ടി സഖാക്കളും ജലപാനമില്ലാതെ നാലുദിവസം മൗനം ഭജിച്ചെങ്കില്‍ അതിന് പിന്നില്‍ ദുരൂഹതയില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ബിജെപി സ്ഥാനാർത്ഥിക്ക് ജയിക്കാൻ തൃശ്ശൂർ പൂരം കുളമാക്കി ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പിനും ഒരു വർഷം മുമ്ബേ ഗൂഢാലോചന നടന്നു എന്നും, അതിന് സംസ്ഥാനത്തെ പൊലീസ് ഉന്നതർ ചർച്ച നടത്തിയെന്നും, അതിന് സംസ്ഥാന ഭരണത്തിലെ പരമപ്രധാനിയുടെ മൗനാനുവാദവും അനുഗ്രഹാശ്ശിസുകളും ഉണ്ടായിരുന്നു എന്നുമുള്ള ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തെ അസ്വസ്ഥമാക്കുന്ന കാലാവസ്ഥയിലാണ് തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നവും ഉയർന്നു വരുന്നത്.
തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന 500mm, 700mm പൈപ്പുകളുടെ അലൈയ്ൻമെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ തുടങ്ങിയതോടെയാണ് തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നം ആരംഭിക്കുന്നത്. ഈ പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയതെങ്കിലും നാലു ദിവസം പിന്നിട്ടിട്ടും ഇത് പൂർത്തിയാക്കാനായില്ല.
ഇതേ സമയം തന്നെ വഴുതക്കാട് ശാസ്തമംഗലം ഭാഗത്ത് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കല്‍ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള വിതരണം നിർത്തിവെച്ചു. കഴക്കൂട്ടം ഭാഗത്ത് അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കാതിരുന്നതോടെ നിലവില്‍തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരുന്നു വെള്ളം ലഭിച്ചിരുന്നത്.
ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന ഒരു നഗരത്തില്‍ കുടിവെള്ള വിതരണം നിർത്തിവെക്കുമ്ബോള്‍ സ്വീകരിക്കേണ്ട ബദല്‍ മാർഗങ്ങളും നഗരസഭയോ ജലവകുപ്പോ സംസ്ഥാന സർക്കാരോ സ്വീകരിച്ചില്ല. ഉന്നതന്മാർ താമസിക്കുന്ന ഫ്ലാറ്റുകളിലേക്ക് നഗരസഭയുടെ കുടിവെള്ള ടാങ്കറില്‍ വെള്ളമെത്തിക്കുമ്ബോള്‍ പൊതുജനം കുടിക്കാൻ വെള്ളമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു. അപ്പോഴും നഗരസഭയും ഭരണചക്രവും സുഖസുഷുപ്തിയിലാണ്ടത് ആരെ സഹായിക്കാനായിരുന്നു എന്ന ചോദ്യം അനന്തപുരിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അലയടിക്കുന്നുണ്ട്.
കേരളത്തില്‍ ബിജെപിക്ക് ഏറ്റവുമധികം സ്വാധീനമുള്ള പ്രദേശമാണ് തിരുവനന്തപുരം നഗരം. നഗരസഭയിലെ 100 വാർഡുകളില്‍ ഭരണമുന്നണിയായ എല്‍ഡിഎഫിന് 52 കൗണ്‍സിലർമാരാണുള്ളത്. ഇവിടെ ബിജെപിയാണ് പ്രതിപക്ഷം. ബിജെപിക്ക് 35 കൗണ്‍സിലർമാരുണ്ട്. യുഡിഎഫിനാകട്ടെ വെറും 10 കൗണ്‍സിലർമാരാണ് തിരുവനന്തപുരം നഗരസഭയിലുള്ളത്. ഒരു ശക്തമായ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാനായാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിക്കാൻ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്.
നിലവിലെ കുടിവെള്ള പ്രശ്നം ഒരു സുവർണാവസരമായി തന്നെയാണ് ബിജെപി കാണുന്നതും. അതുകൊണ്ട് തന്നെയാണ് ആദ്യ ദിനം മുതല്‍ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതും. ബിജെപി സെക്രട്ടറിയേറ്റിന് മുന്നിലേക്കുള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കുമ്ബോഴും ഉണരാത്ത ഭരണയന്ത്രം ഒടുവില്‍ പ്രതികരിക്കാൻ എങ്കിലും തയ്യാറായത് നാലാം ദിവസം മാത്രമാണ്. ഈ നാല് ദിവസം കൊണ്ട് സർക്കാരിനും നഗരസഭയ്ക്കും എതിരായ വികാരം ജനമസുകളില്‍ രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിനും നഗരസഭാ അധികൃതർക്കും കഴിഞ്ഞു. തൃശ്ശൂർ പൂരത്തില്‍ പൊലീസിന്റെ ഇടപെടല്‍ ജനമനസുകളെ എങ്ങനെ പരുവപ്പെടുത്തിയോ, അതുപോലെ തന്നെ ഭരണത്തിനെതിരായ ശക്തമായ വികാരമാണ് ജനം പ്രകടിപ്പിക്കുന്നത്.
എഡിജിപി എം ആർ അജിത് കുമാർ ഉന്നത ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും തൃശ്ശൂർ പൂരം അലങ്കോലമായതും തൃശ്ശൂരില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിച്ചതുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആയുധമായാണ് യുഡിഎഫ് ഉയർത്തുന്നത്. അക്കൂട്ടത്തില്‍ തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിയും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും എതിരായ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചേക്കാം.