കോട്ടയം നഗരം ചീഞ്ഞുനാറുന്നു; വഴി നീളെ മാലിന്യം ചാക്കിൽ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു;2013 ന് ശേഷം നഗരസഭ മാലിന്യം സംസ്കരിക്കുന്നില്ല; വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ വീട്ടുപടിക്കൽ തന്നെ മാലിന്യം നിക്ഷേപിച്ച് അധികൃതർ; മാലിന്യക്കൂമ്പാരങ്ങൾക്ക് പല തവണ തീപിടിച്ചു; നഗരം കത്തിയമർന്നാലെ അധികൃതർ കണ്ണ് തുറക്കു; നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരം ചീഞ്ഞ് നാറാൻ തുടങ്ങിയിട്ട് നാളുകളായി. നാട്ടുകാർ പരാതി പറഞ്ഞാൽ പുല്ല് വില പോലും നഗരസഭാ അധികൃതർ വെക്കാറില്ല.
നഗരസഭയുടെ മുക്കിലും, മൂലയിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപം, ശ്രീനിവാസ അയ്യർ റോഡ്, പാരഗണിന് സമീപം, തിരുനക്കര ബിഎസ്എൻഎല്ലിന് പുറകിൽ, കാരാപ്പുഴ തെക്കും ഗോപുരം, ബാലഭവനു സമീപം, ചിറയിൽ പാടം, ഉപയോഗശൂന്യമായ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ്, കോടിമത, പുത്തനങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നഗരസഭ മാലിന്യം ചാക്കിൽ പൊതിഞ്ഞ് കെട്ടി കൂട്ടിയിട്ടിരിക്കുകയാണ്.
2013 ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂർ ഡമ്പിങ് യാർഡ് അടച്ചതിന് ശേഷം ഇന്ന് വരെ നഗരസഭ മാലിന്യം സംസ്കരിക്കുന്നില്ല. ഇതോടെയാണ് നഗരം ചീഞ്ഞ് നാറി തുടങ്ങിയത്. കൂട്ടി വെച്ചിരിക്കുന്ന മാലിന്യം കോടിമതയിലും മണിപ്പുഴയിലുമുള്ള തരിശ് നിലങ്ങളിൽ ഇടുകയും, മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടുകയുമാണ് നഗരസഭ ചെയ്യുന്നത്. മഴക്കാലത്ത് ഈ മാലിന്യം കുടിവെള്ള സ്രോതസുകളിലേക്ക് ഒലിച്ചിറങ്ങും, ഇത് ഗുരുതര രോഗങ്ങൾ പടർന്ന് പിടിക്കാൻ കാരണമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2010 ൽ ക്ലീൻ കോട്ടയം പദ്ധതി പ്രകാരം നഗരവാസികളോട് മാലിന്യ സംസ്കരണ ഉപാധികൾ നല്കാമെന്ന് പറഞ്ഞ് നഗരസഭാ അധികൃതർ പണം വാങ്ങിയെങ്കിലും ഇന്നും അവ പൂർത്തിയായിട്ടില്ല.
കോടിമതയിലും നാഗമ്പടത്തും സ്ഥാപിച്ച മാലിന്യ സംസ്കരണ സംവിധാനങ്ങളാകട്ടെ പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി.
നഗരത്തിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്ക് തീപിടിക്കുന്നത് നിത്യസംഭവമാണ്. നാഗമ്പടം മൈതാനത്ത് ഒരു മാസം മുൻപും, മണിപ്പുഴയിൽ കഴിഞ്ഞ ആഴ്ചയിലും, ശാസ്ത്രീറോഡിൽ തേർഡ് ഐ ന്യൂസിൻ്റെ ഓഫീസിന് സമീപം കഴിഞ്ഞ ദിവസവും തീ പിടുത്തമുണ്ടായി.
നഗരത്തിൽ മാലിന്യം കുട്ടി വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇവ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ച് നഗരസഭയ്ക്ക് തേർഡ് ഐ ന്യൂസ് കത്ത് നല്കിയിരുന്നു. എന്നാൽ ഇപ്പോഴും മാലിന്യം റോഡരികിൽ കൂട്ടി വെയ്ക്കുന്നത് തുടരുകയാണ്.
ഇതോടെയാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ.ശ്രീകുമാർ നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി