ആദ്യ മണിക്കൂറില്‍ തന്നെ ട്രെൻഡ് അറിയാം; കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണൽ ; രാവിലെ എട്ടിന് തന്നെ വോട്ട് എണ്ണിത്തുടങ്ങും ; ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍
സ്വന്തം ലേഖകൻ
കോട്ടയം: വോട്ടെണ്ണല്‍ ആരംഭിച്ചു ആദ്യ മണിക്കൂറില്‍ തന്നെ ട്രെൻഡ് അറിയാം. തരംഗം ഉണ്ടോ, അട്ടിമറികള്‍ സംഭവിച്ചോ എന്നതടക്കമുള്ള ഫല സൂചനകള്‍. നാട്ടകത്തെ കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിക്കും. എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴിടങ്ങളിലായി ഒരേ സമയം നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടെണ്ണലിനായി മൊത്തം 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാന്‍ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകളും ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബിഎസ്) എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചു.
ഒരു റൗണ്ടില്‍ ഒരേ സമയം 14 മേശയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂര്‍-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ റൗണ്ടുകളുടെ എണ്ണം. ഓരോ റൗണ്ടും പൂര്‍ത്തീകരിക്കുമ്ബോള്‍ ലീഡ് നില അറിയാൻ സാധിക്കും.
കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ തപാല്‍ബാലറ്റിലൂടെയടക്കം മൊത്തം 66.72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയ്. ആകെ 12,54,823 വോട്ടര്‍മാരില്‍ 8,37,277 പേര്‍ വോട്ട് ചെയ്തു.
നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിങ്ങ് ശതമാനം
പിറവം 65.52%
പാലാ 63.99%
കടുത്തുരുത്തി 62.28%
വൈക്കം 71.69%
ഏറ്റുമാനൂര്‍ 66.58%
കോട്ടയം 64.92%
പുതുപ്പള്ളി 65.02%