മലയാളി വിദ്യാർത്ഥികൾക്കിത് തിരിച്ചടി; വിസ നിരക്കിലും ഫീസിലും ഇരട്ടി വർധനവ്; മിനിമം സേവിംഗ്സ് വേണ്ടത് 16 ലക്ഷം; ഇഷ്ട രാജ്യത്തേക്ക് പറക്കണമെങ്കിൽ കൂടുതൽ കടമ്പകൾ

മലയാളി വിദ്യാർത്ഥികൾക്കിത് തിരിച്ചടി; വിസ നിരക്കിലും ഫീസിലും ഇരട്ടി വർധനവ്; മിനിമം സേവിംഗ്സ് വേണ്ടത് 16 ലക്ഷം; ഇഷ്ട രാജ്യത്തേക്ക് പറക്കണമെങ്കിൽ കൂടുതൽ കടമ്പകൾ

ന്യൂഡൽഹി: നമ്മുടെ രാജ്യത്തു നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷത്തിലധികമാണ്. ഇതില്‍ ഏറ്റവുമധികം പേരും തെരഞ്ഞെടുക്കുന്നത് അമേരിക്ക, യു കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്.

വിദേശ ക്യാമ്പസുകളില്‍ നിലവിലുള്ള 25 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളില്‍ 2.25 ലക്ഷം പേർ മലയാളികളാണ്. ഈ സാഹചര്യത്തില്‍ കാനഡ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളും കടുപ്പിച്ചു.


ആ സാഹചര്യത്തില്‍ ഇന്ത്യൻ വിദ്യാർത്ഥികള്‍ തെരഞ്ഞെടുത്ത രാജ്യമാണ് ഓസ്ട്രേലിയ. എന്നാല്‍, ഓസ്ട്രേലിയയും ഉടൻ പണി തരും. ഓസ്ട്രേലിയയിലെ പഠനം വിദേശ വിദ്യാർത്ഥികള്‍ക്ക് താങ്ങാൻ കഴിയാത്ത വിധം ചെലവേറിയതായി മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്‌ട്ര വിദ്യാർത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് വിസ ഫീസ് അപ്രതീക്ഷിതമായി വർദ്ധിപ്പിച്ചതാണ് ഇതിന് കാരണം. 710 ഓസ്‌ട്രേലിയൻ ഡോളറില്‍ (39,407 രൂപ) നിന്ന് 1,600 ഓസ്‌ട്രേലിയൻ ഡോളറാക്കിയാണ് (88,803 രൂപ) ഉയർത്തിയത്.

ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫീസ് വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച്‌ ഓസ്‌ട്രേവിയൻ ഭരണകൂടവും രംഗത്തെത്തിയിട്ടുണ്ട്.

‘മാറ്റങ്ങള്‍ നമ്മുടെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും മികച്ച ഒരു മൈഗ്രേഷൻ സംവിധാനം സൃഷ്‌ടിക്കാനും സഹായിക്കും.’ – ഓസ്‌ട്രേലിയയിലെ ആഭ്യന്തര സൈബർ സുരക്ഷ മന്ത്രി ക്ലെയർ ഒനീല്‍ പറഞ്ഞു.

കാനഡ, ന്യൂസിലൻഡ്, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഓസ്‌ട്രേലിയയുടെ സ്റ്റുഡന്റ് വിസ നിരക്ക് വർദ്ധന ഏറ്റവും കൂടുതലാണ്. ഓസ്‌ട്രേലിയക്ക് പുറത്ത് നിന്ന് വേണം ഈ വിസയ്‌ക്കായി അപേക്ഷിക്കാൻ. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവർ, സന്ദർശകർ തുടങ്ങി ഓസ്‌ട്രേലിയയില്‍ നില്‍ക്കുന്നവർക്ക് സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

അതിനാല്‍, പഠിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍ വിസ കഴിയാറാകുമ്പോള്‍ രാജ്യത്ത് നിന്നും പോകേണ്ടതാണ്. ശേഷം, സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷിച്ച്‌ മടങ്ങി വരാം. അല്ലാതെ തന്നെ ഓസ്‌ട്രേലിയയില്‍ തുടരണമെങ്കില്‍ തൊഴിലുടമ സ്‌പോണ്‍സ‌ർ ചെയ്യുന്ന വിസ ഉപയോഗിക്കണമെന്നും സർക്കാർ നിർദേശിച്ചു.

സ്റ്റുഡന്റ് വിസയ്ക്കുള്ള മിനിമം സേവിംഗ്സ് 24,505 ഓസ്‌ട്രേലിയൻ ഡോളറില്‍ നിന്ന് (14 ലക്ഷം രൂപ ) 29,710 ഓസ്‌ട്രേലിയൻ ഡോളറായി (16 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. മാത്രമല്ല, സ്റ്റുഡന്റ് വിസയ്ക്കുള്ള പ്രായപരിധി 50ല്‍ നിന്ന് 35 ആയി കുറച്ചു. 2024 ജൂലായ് ഒന്നിന് മുമ്പ് വിസയ്‌ക്ക് അപേക്ഷിച്ചവർക്ക് ഈ മാറ്റം ബാധകമല്ല.

കണക്കുകള്‍ പ്രകാരം, ഓസ്‌ട്രേലിയയില്‍ 2023 സെപ്തംബർ വരെ 548,800പേരാണ് കുടിയേറിയത്. ഇതോടെ വീടുകളുടെ വിലയില്‍ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് മറികടക്കാൻ വേണ്ടിയാണ് പുതിയ നീക്കം.

യുകെ, യുഎസ്, കാനഡ എന്നിവയ്ക്ക് പുറമെ ഇന്ത്യൻ വിദ്യാർത്ഥികള്‍ വിദേശത്ത് പഠിക്കാൻ ഇഷ്ടപ്പെടുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്‌ക്കാണ്.

2022ല്‍ ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികള്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കണക്ക് പ്രകാരം, 1,20,277 ഇന്ത്യൻ വിദ്യാർത്ഥികള്‍ എൻറോള്‍ ചെയ്‌തിട്ടുണ്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കത്തില്‍ അവിടുത്തെ ഇന്ത്യൻ വിദ്യാർത്ഥികള്‍ അപലപിച്ചു. ഇക്കാരണത്താല്‍ ഭാവിയില്‍ വിദ്യാർത്ഥികള്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്നത് കുറയുമെന്നാണ് അവർ പറയുന്നത്.

വിദ്യാർത്ഥികളുടെ ഫീസിലെയും നിക്ഷേപച്ചെലവിലെയും വർദ്ധനവ് വിദേശ വിദ്യാർത്ഥികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുമെന്ന് കൗണ്‍സില്‍ ഒഫ് ഇന്റർനാഷണല്‍ സ്റ്റുഡന്റ് ഓസ്‌ട്രേലിയയുടെ ദേശീയ പ്രസിഡന്റ് യെഗാനെ സോള്‍ട്ടൻപൂർ ചൂണ്ടിക്കാട്ടി. ഫീസ് വർധന ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

‘ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓസ്‌ട്രേലിയയെ തങ്ങളുടെ പഠന ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തെ ഈ വർദ്ധനവ് കാര്യമായി ബാധിച്ചേക്കാം.

യുഎസ് $185 (15,433 രൂപ), കാനഡ ഏകദേശം $110 (9,178 രൂപ), യുകെ ഏകദേശം $620 (51,732 രൂപ) എന്നിങ്ങനെയാണ് നിലവില്‍ ഈടാക്കുന്നത്. അതിനാല്‍, ഇവിടങ്ങളിലേക്ക് പോകാൻ വിദ്യാർത്ഥികളെ പുതിയ നിയമം പ്രേരിപ്പിച്ചേക്കാം. ‘ – വണ്‍സ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും ഡയറക്ടറുമായ അരിത്ര ഘോഷാല്‍ പറഞ്ഞു.