അമ്മാവന് അടുപ്പിലും ആകാം; ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്റെ ഭൂമി സംരക്ഷിക്കാൻ വളഞ്ഞ വഴിയുമായി സിപിഎം; എതിര്‍പ്പുമായി സിപിഎമ്മിന്റെ ജില്ലാകമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും; മന്ത്രി ഭർത്താവ് നിർമ്മിക്കുന്ന കെട്ടിടത്തിനു മുന്നിലെ അനധികൃത ഓട നിര്‍മ്മാണം തടഞ്ഞതിന് കോണ്‍ഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍; ഇന്ന് കൊടുമണ്‍ പഞ്ചായത്തില്‍ ഹര്‍ത്താൽ; വഴിവിട്ട നിര്‍മ്മാണത്തിന് പൊതുമരാമത്ത് മന്ത്രിയുടെ സഹായവും; കെട്ടിട നിർമ്മാണത്തിന് പുറംമ്പോക്ക് കൈയ്യേറിയതിനൊപ്പം ജോർജ് ജോസഫ് പൊലീസ് സ്റ്റേഷന്റെ സ്ഥലവും കൈയേറിയതായി പരാതി
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനായി സിപിഎമ്മിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും വഴിവിട്ട സഹായം.
എതിർപ്പുമായി ജില്ലാകമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തു വന്നതോടെ സിപിഎം ജില്ലാ നേതൃത്വവും വെട്ടിലായി. ഏഴംകുളം-കൈപ്പട്ടൂർ റോഡരികില്‍ കൊടുമണ്‍ സ്റ്റേഡിയത്തിന് എതിർവശം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മുന്നിലുള്ള ഓടയാണ് അലൈന്മെന്റ് മാറ്റി നിർമ്മിക്കാൻ നീക്കം നടന്നത്.
ഇത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരനും കോണ്‍ഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് വിട്ടയച്ചു. മന്ത്രിയുടെ ഭർത്താവ് ഭരണസ്വാധീനം ഉപയോഗിച്ച് അലൈന്മെന്റ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് കൊടുമണ്‍ പഞ്ചായത്തില്‍ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള നിർദ്ദേശപ്രകാരമാണ് അലൈന്മെന്റ് വളച്ച് നിർമ്മിക്കാൻ നീക്കം നടന്നത്. ഇന്ന് രാവിലെ നേരിട്ട് സ്ഥലത്തു വന്ന ജില്ലാ സെക്രട്ടറി എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാൻ കെ.എസ്.ടി.പി എൻജിനീയർക്ക് നിർദ്ദേശം നല്‍കിയിരുന്നുവത്രേ.
ഈ വിവരം അറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവർത്തകർ നിർമ്മാണം തടയാൻ എത്തിയത്. എന്നാല്‍, അതിന് മുൻപ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ എതിർപ്പുമായി രംഗത്തു വന്നിരുന്നു.
കൊടുമണ്‍ പൊലീസ് സ്റ്റേഷനോട് ചേർന്നും പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശത്തുമായുള്ള സ്ഥലത്താണ് മന്ത്രി വീണയുടെ ഭർത്താവ് ജോർജ് ജോസഫ് ഇരുനില ഷോപ്പിങ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്. 40 കോടി രൂപ മുടക്കിയുള്ള കൈപ്പട്ടൂർ-ഏഴംകുളം റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓട ഈ കെട്ടിടത്തിന് മുന്നിലെത്തുമ്പോള്‍ അലൈന്മെന്റ് വളഞ്ഞ് പോവുകയാണ്. ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ അലൈന്മെന്റ് മാറ്റിയിട്ടുള്ളതെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ പറഞ്ഞു.
റോഡിന് 12 മീറ്റർ വീതിയാണുള്ളത്. റോഡ് വികസനത്തിന് പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കുകയും മതില്‍ പൊളിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൊടുമണ്‍ പഞ്ചായത്തില്‍ ജോർജിന്റെ കെട്ടിടത്തിന് സമീപം വന്നപ്പോള്‍ മാത്രമാണ് അലൈന്മെന്റ് വളഞ്ഞു പോയതെന്ന് കെ.കെ. ശ്രീധരൻ പറഞ്ഞു.
ഓടയുടെ അലൈന്മെന്റ് ഇവിടെ വളഞ്ഞാല്‍ റോഡിന് 12 മീറ്റർ വീതിയെന്നതിന് കുറവു വരും. ബാക്കിയുള്ളിടത്തെല്ലാം ഇതേ വീതിയിലാണ് വികസനം നടക്കുന്നത് എന്നും കെ.കെ. ശ്രീധരൻ പറഞ്ഞു.
അതിനിടെ പൊലീസ് സ്റ്റേഷന്റെ സ്ഥലം ജോർജ് ജോസഫ് കൈയേറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നേരത്തേ പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ ഇടാൻ ഉപയോഗിച്ചിരുന്ന ഷെഡ് നിന്ന സ്ഥലം ഇപ്പോള്‍ കാണാനില്ല. ജോർജ് ജോസഫ് ഇത് തന്റെ വസ്തുവിനൊപ്പം കൂട്ടിച്ചേർത്തുവെന്നും അടിയന്തിരമായി ഭൂമി അളന്ന് കൈയേറിയ ഭാഗം തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയർന്നു.