
എറണാകുളം: രാഷ്ട്രീയ വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തിയെന്ന് നടൻ സലിം കുമാർ. മുഖ്യമന്ത്രി വി ഡി സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സലിം കുമാർ.
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് പോലെ പത്തു ദിവസം നമ്മളെ മുൾമുനയിൽ നിർത്തിയെന്നും കാത്തിരുന്നത് കൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും സലീം കുമാർ പറഞ്ഞു.
സ്വന്തം ഭാവി പോലും കണക്കിലാക്കാതെ റിസ്‌ക്കെടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. നല്ല തുടക്കമെന്നത് പകുതി ചെയ്തതിന് സമമാണ്. ചിരിക്കുന്ന മുഖത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വി ഡി സതീശൻ ഒരു അത്ഭുതമാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ചൂണ്ടിക്കാണിച്ച ശ്രീകുമാരൻ തമ്പി, അതിന് കാരണം അദ്ദേഹത്തിന്റെ സ്വഭാവമാണെന്നും പറഞ്ഞു.
ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാൻ രാജാവും വോട്ട് ചെയ്തവർ പ്രജകളുമാണ് എന്ന് കരുതിയാൽ ദുഃഖിക്കേണ്ടി വരും. വി ഡി സതീശൻ അങ്ങനെയുള്ള ഒരാളല്ല എന്നത് കൊണ്ടാണ് ഈ പരിപാടിക്ക് വന്നതെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ലെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാണിച്ചു.







