വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍മോണോക്സൈഡ് ;തീ പടര്‍ന്നത് ഹാളിലെ ടിവി സ്വിച്ച് ബോര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്ന്
സ്വന്തം ലേഖിക
വര്‍ക്കല:വര്‍ക്കലയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ ടി.വിയുടെ സ്വിച്ച് ബോര്‍ഡിലുണ്ടായ ഷോര്‍ട്ട് സർക്ക്യൂട്ട് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം . തീപ്പൊരി ഹാളിലെ സോഫാ സെറ്റിയിലേക്കോ ജനാല കര്‍ട്ടനിലേക്കോ വീണിരിക്കാം. സോഫാസെറ്റിയും വിന്‍ഡോ കര്‍ട്ടനും തീപിടിച്ചതോടെ മേല്‍ക്കൂരയിലെ സീലിംഗിലും മറ്റും തീ പടര്‍ന്നു.
എ.സി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ തീ ആളിപ്പടരാതെ നീറിയും പുകഞ്ഞും കത്തിക്കൊണ്ടിരുന്നത് വീട്ടിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്‍പ്പെടെയുള്ള വിഷവാതകങ്ങള്‍ നിറയുന്നതിന് കാരണമായിട്ടുണ്ടാകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തടിവലിപ്പമുള്ള മുറികളില്‍ തിങ്ങിനിറഞ്ഞ് ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. സോഫ, ഡൈനിംഗ് ടേബിള്‍, ജിപ്സം ബോര്‍ഡ് ഉപയോഗിച്ച് ചെയ്ത റൂഫ് സീലിംഗ് എന്നിവ തീപിടിത്തത്തിന്റെ വ്യാപ്തികൂട്ടി. വാതിലും ജനാലകളും അടച്ചിട്ടിരുന്നതും എ.സി ഉണ്ടായിരുന്നതിനാല്‍ എയര്‍ ഹോളുകള്‍ അടച്ചതും മുറികളില്‍ നിറഞ്ഞ വിഷവാതകങ്ങള്‍ പുറത്തുപോകുന്നതിനു തടസമായി.
വിഷവാതകം ശ്വസിച്ച് ആളുകള്‍ അബോധാവസ്ഥയിലായതാകാം തീപിടിത്തം അറിയാതിരിക്കാനിടയാക്കിയതെന്നാണ് പൊലീസിന്റെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും നിഗമനം. കറുത്തിരുണ്ട പുകച്ചുരുളുകള്‍ നിറഞ്ഞ വീട്ടിനുള്ളിലെ ശക്തമായചൂടില്‍ ശരീരം വരളുകയും വിഷവാതകം ഉള്ളില്‍ കടന്ന് ശ്വാസതടസവും ശാരീരിക അസ്വസ്ഥതകളുമുണ്ടാകുകയും ചെയ്തതാണ് മരണത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.