play-sharp-fill
വർക്കലയിൽ നാരങ്ങ വെള്ളം വിറ്റ് നടന്ന പെൺകുട്ടി ഇന്ന് വനിതാ എസ്.ഐ: സിനിമയെ വെല്ലുന്ന ജീവിത കഥയുമായി ആനി ശിവ: പതിനെട്ടാം വയസിൽ ആൺകുട്ടിയുടെ അമ്മയായ പെൺകുട്ടി 14 വർഷത്തിനിപ്പുറം എസ്.ഐ

വർക്കലയിൽ നാരങ്ങ വെള്ളം വിറ്റ് നടന്ന പെൺകുട്ടി ഇന്ന് വനിതാ എസ്.ഐ: സിനിമയെ വെല്ലുന്ന ജീവിത കഥയുമായി ആനി ശിവ: പതിനെട്ടാം വയസിൽ ആൺകുട്ടിയുടെ അമ്മയായ പെൺകുട്ടി 14 വർഷത്തിനിപ്പുറം എസ്.ഐ

തേർഡ് ഐ ബ്യൂറോ

വർക്കല: പതിനെട്ടാം വയസിൽ കാമുകൻ്റെ ചതിയിൽ ഗർഭിണിയും , ഒരു ആൺകുട്ടിയുടെ മാതാവുമായവൾ, 14 വർഷങ്ങൾക്കിപ്പുറം എസ്.ഐ ആണ്. അലഞ്ഞ് തിരിഞ്ഞ അതേ നാട്ടിൽ വനിതാ എസ്.ഐ ആണ്. സിനിമകഥയെ വെല്ലുന്ന ജീവിത കഥയാണ് ആനി ശിവ എന്ന വനിതാ എസ് ഐയുടെത്.

പത്തുവര്‍ഷം മുമ്പ് വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെണ്‍കുട്ടി ഇന്ന് അതേ സ്ഥലം ഉള്‍ക്കൊള്ളുന്ന വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്
കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി.

ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെ നിന്നും അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു.
ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി.

ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി.

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു.

വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാ പൊലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.
ഇപ്പോഴിതാ, ആനി ശിവയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
എല്ലാ പ്രതിസന്ധികളെയും എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അവള്‍ ഒരു ഐക്കണ്‍ ആവുകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.