ഒടുവിൽ വൈഗയ്ക്ക് നീതി ; പിതാവ് സനു മോഹന് ജീവപര്യന്തം തടവും,1,70,000 രൂപ പിഴയും, വിവിധ വകുപ്പുകളിൽ ആയി 28 വർഷം തടവും എറണാകുളം സ്പെഷ്യൽ കോടതി വിധിച്ചു.
സ്വന്തം ലേഖിക
കൊച്ചി :കൊച്ചിയിൽ 11 വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, ലഹരി നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം മറ്റ് അഞ്ച് വകുപ്പുകളില്‍ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വര്‍ഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി.
70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും സനു മോഹൻ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. 11 മണി മുതല്‍ ശിക്ഷാ വിധിയില്‍ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്.
അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.
2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുള്ള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്ബത്തൂരില്‍ നിന്നും പിടികൂടിയത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.