അമ്പലത്തിൽ പോവുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പിതാവിന്റെ ആത്മാവിനെ തനിക്ക് കാണാനും ശബ്ദം കേൾക്കാനും കഴിയുമെന്ന വെളിപ്പെടുത്തലിൽ വട്ടം കറങ്ങി പോലീസ്; കസ്റ്റഡിയിലിരിക്കെ സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് വടകര താലൂക്ക് ഓഫിസ് തീവയ്പ്പ് കേസിലെ പ്രതി സതീഷ് നാരായണ
സ്വന്തം ലേഖകൻ
വടകര: താലൂക്ക് ഓഫിസ് തീവയ്പ് കേസിലെ പ്രതി സതീഷ് നാരായണയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സതീഷിന്റെ മാനസിക നില തെറ്റിച്ചത് പിതാവിന്റെ മരണശേഷമുള്ള ആഘാതങ്ങളെന്നു സൂചന. ഇതിനെ തുടർന്നാണ് എവിടെപ്പോയാലും തീയിടുന്ന ശീലം തുടങ്ങിയത്.
സതീഷിന്റെ ഭൂതകാലം ദുരൂഹമായി തുടരുന്ന സാഹചര്യത്തിൽ അന്വേഷണ സംഘം ക്രിസ്മസിനു ശേഷം സെക്കന്തരാബാദിലേക്ക് പോവും. ഇയാളുടെ മെഡിക്കൽ രേഖകളും ബന്ധപ്പെട്ട ആളുകളുടെയും മൊഴിയും എടുക്കും. സതീഷിന്റെ അമ്മയുടെ മാതാപിതാക്കൾ വില്യാപ്പള്ളിയിൽ വേരുള്ള കുടുംബത്തിലാണെങ്കിലും അമ്മ ചെറുപ്പകാലം മുതൽ സെക്കന്തരാബാദിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില്യാപ്പള്ളിയിലെ ബന്ധുക്കൾ സെക്കന്തരാബാദിൽ പോകാറുണ്ടെങ്കിലും അവിടെയുള്ളവർ നാട്ടിലേക്കു വരുന്നത് വിരളം. സതീഷിനോ സഹോദരിക്കോ നാടുമായി ബന്ധമില്ല. ഈ സാഹചര്യത്തിൽ സതീഷ് ബന്ധുക്കളെ കാണാൻ വടകരയിൽ എത്തിയെന്ന കാര്യമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
അമ്പലത്തിൽ പോവുന്നുവെന്നു പറഞ്ഞാണ് ജൂലൈ 20ന് സതീഷ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് എവിടെയൊക്കെ പോയെന്നാണ് പൊലീസ് അന്വേഷണം. തന്റെ മൊബൈലും ലാപ്ടോപ്പും നഷ്ടപ്പെട്ടതായി സതീഷ് പറയുന്നു. പിതാവിന്റെ ആത്മാവിനെ തനിക്ക് കാണാനും ശബ്ദം കേൾക്കാനും കഴിയുമെന്നാണ് ഹൈദരാബാദിൽ സതീഷിനെ ചികിത്സിച്ച ഡോക്ടറോട് പറഞ്ഞത്.
ബെംഗളൂരു ഉൾപ്പെടെ പല സ്ഥലത്തും ഏറെ കാലം ചികിത്സ നടത്തിയിരുന്നു. രോഗത്തിന്റെ ഫയലും മറ്റു വിവരങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതു കൊണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പത്താം ക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായ സതീഷിന് മാനസിക പ്രശ്നം വന്നതോടെ പഠനം തുടരാനായില്ല. വടകരയിൽ നാട്ടുകാരെ പലരെയും പരിചയപ്പെട്ട സതീഷ് നഗരസഭയുടെ വാർഷികാഘോഷ പരിപാടിയിൽ മാലിന്യ നിർമാർജന ക്ലാസിൽ പങ്കെടുത്തിരുന്നു.
സിനിമാ പ്രേമിയായ സതീഷ് പൊലീസ് കസ്റ്റഡിയിലിരിക്കെ സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. റിമാൻഡിലായ സതീഷിനെ മെഡിക്കൽ കോളജിലെ പരിശോധനയ്ക്കു ശേഷം കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടത്തെ ചികിത്സ കഴിഞ്ഞ ശേഷമേ കസ്റ്റഡിയിൽ വാങ്ങാൻ കഴിയൂ.