play-sharp-fill
ആ വീൽച്ചെയറിലിരുന്ന് 96-ാം വയസിൽ അച്ഛൻ കണ്ടാസ്വദിച്ചു  മകൻ നൽകിയ അഭിമാന നിമിഷം: ഹൈക്കോടതി വളപ്പിൽ നടന്നത് അത്യപൂർവ കാഴ്ച ..!

ആ വീൽച്ചെയറിലിരുന്ന് 96-ാം വയസിൽ അച്ഛൻ കണ്ടാസ്വദിച്ചു മകൻ നൽകിയ അഭിമാന നിമിഷം: ഹൈക്കോടതി വളപ്പിൽ നടന്നത് അത്യപൂർവ കാഴ്ച ..!

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചി: മലയാള സിനിമയിലെ മുതുമുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. പ്രായം 96 കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് ഉണ്ണികൃഷ്ണൻ വീൽചെയറിൽ എറണാകുളത്ത് എത്തി. മകൻ കേരള ഹൈക്കോടതി ജസ്റ്റിസാവുന്ന കാഴ്ച കാണാൻ.


അച്ഛനെ വീൽചെയറിലിരുത്തി കാറിലാണ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടുതലയിലെ വീട്ടിൽനിന്നു പറപ്പെട്ടത്. നിറഞ്ഞമനസ്സോടെ മകന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അച്ഛനെ മുന്നിൽ ഇരുത്തിയായിരുന്നു മകന്റെ സത്യപ്രതിജ്ഞ. അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്. മണികമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ലക്ഷമി നാരായണൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇളയമകനാണ് കുഞ്ഞി കൃഷ്ണൻ. ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലത്താണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിർത്തി വല്യച്ഛന്റെ പാത പിന്തുടരാൻ നിർദ്ദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിന് എത്തുന്നത്.

പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണു നിർദ്ദേശിച്ചത്. മൂന്നുകൊല്ലം കഴിപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം. അതും അംഗീകരിച്ചു. ഒടുവിൽ ഹൈക്കോടതി ജഡ്ജിയും. ഈ ചടങ്ങിൽ അച്ഛന് എത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞാവേദിയിൽ പറഞ്ഞു.

1989ൽ അഭിഭാഷകനായ കുഞ്ഞികൃഷ്ണൻ 1993 മുതൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വൈദ്യുതി ബോർഡിന്റെയും സ്റ്റാൻഡിങ് കോൺസലായിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സുപ്രീംകോടതി കൊളീജിയം കുഞ്ഞികൃഷ്ണന്റെ നിയമനത്തിന് ശുപാർശചെയ്തത്. ഉത്തരവ് വൈകിയതോടെ 2019 ഫെബ്രുവരിയിൽ കൊളീജിയം ശുപാർശ ആവർത്തിച്ചു.

ജഡ്ജിയായി നിയമിതനാവാൻ കൊളീജിയം ശുപാർശ ചെയ്തിട്ടും നിയമനത്തിന് രണ്ടുവർഷം കാലതാമസം വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫുൾ കോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നിയമനം വൈകുന്നതിന്റെ കാരണം അറിയാതിരിക്കുകയും കൂടി ചെയ്യുമ്‌ബോൾ ഈ രണ്ടു വർഷത്തെ കാത്തിരിപ്പ് അസ്വാസ്ഥ്യജനകമായിരുന്നു.” അദ്ദേഹം പറഞ്ഞു. 2018 ഒക്ടോബറിൽ ആദ്യം സുപ്രീം കോടതി കൊളീജിയം ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാൻ ശുപാർശ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് 2019 ഫെബ്രുവരിയിൽ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് നിയമന ഉത്തരവ് വന്നത്.

ഞാൻ ഭരണഘടന സ്ഥാപനങ്ങളെ വിശ്വസിക്കുന്നു, എന്റെ നിയമനത്തിൽ ഉണ്ടായ കാലതാമസം സാധാരണമാണെന്നും ഭരണഘടനാപരമായ നിയമനങ്ങൾ നടത്തുമ്പോൾ നിയമന അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കരുതുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.