play-sharp-fill
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം:  ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി; നാലംഗ ക്വട്ടേഷന്‍ സംഘം കസ്റ്റഡിയിൽ; അക്രമണത്തിന്റെ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം: ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി; നാലംഗ ക്വട്ടേഷന്‍ സംഘം കസ്റ്റഡിയിൽ; അക്രമണത്തിന്റെ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് യുവാവിനുനേരെ ലഹരിമാഫിയാ സംഘം ബോംബെറിഞ്ഞ സംഭവത്തില്‍ പൊലീസിനുനേരെ ആരോപണം ശക്തം.


പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. തുമ്പ സ്വദേശിയായ രാജന്‍ ക്ലീറ്റസിനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ വലതുകാല്‍ ചിന്നിച്ചിതറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബെറിഞ്ഞ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. ആക്രമണം നടത്തിയ അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.

തുമ്പ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

രാജന്‍ ക്ലീറ്റസിനുനേരെ ലിയോണ്‍ ജോണ്‍സണ്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ലഹരി വില്പനയെ എതിര്‍ത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ പൊലീസ് ഇത് കാര്യമായി എടുത്തില്ല.

കഴക്കൂട്ടത്തിന് സമീപം പോത്തന്‍കോട്ട് നേരത്തേ ഗുണ്ടാസംഘം യുവാവിന്റെ കാല്‍ വെട്ടിയെടുത്ത സംഭവം ഉണ്ടായതോടെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അതോടെ അക്രമസംഭവങ്ങള്‍ക്ക് ശമനമുണ്ടായി.

എന്നാല്‍ പൊലീസ് ഇടപെടല്‍ നിലച്ചതോടെ ഗുണ്ടകള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. അടുത്തിടെ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടന്ന് കഴക്കൂട്ടത്തിന് സമീപം ചന്തവിളയില്‍ ഗുണ്ടാനേതാവ് അടിയേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് ലഹരി, ഗുണ്ടാ സംഘങ്ങള്‍ സജീവമാണെന്നും പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നുമുണ്ടായില്ല.

അതാണ് ഇന്നലത്തെ ആക്രമണത്തിന് വഴിവച്ചത്. ഇതിനിടെ ഗുണ്ടാസംഘങ്ങളുമായുള്ള പൊലീസ് ബന്ധത്തിന് നിരവധി തെളിവുകളും പുറത്തുവന്നിരുന്നു.