പുലര്‍ച്ചെ ട്രെയിനിറങ്ങിയ യാത്രക്കാരൻ്റെ പണം രണ്ടംഗ സംഘം കവര്‍ന്നു; പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സ തേടി
സ്വന്തം ലേഖിക
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ ട്രെയിനിറങ്ങിയ യാത്രക്കാരൻ്റെ പണം ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നു.
സംഘത്തിൻ്റെ മര്‍ദനത്തില്‍ പരിക്കേറ്റ യാത്രക്കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച പുലര്‍ച്ചെ തലസ്ഥാനത്ത് എത്തിയ ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസിലെ യാത്രക്കാരന്‍ തച്ചോട്ടുകാവ് കൂത്തതോട്ട് മന്ത്രമൂര്‍ത്തി ക്ഷേത്രത്തിന് സമീപം ശ്രീകണ്ഠേശ്വര ഹൗസില്‍ ബിജുവാണ് മര്‍ദനത്തിനും മോഷണത്തിനും ഇരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പവര്‍ഹൗസ് റോഡ് ഓവര്‍ബ്രിഡ്ജിന് അടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ പോകുന്നതിനിടയിലായിരുന്നു ആക്രമണം. ബിജുവിൻ്റെ കൈയില്‍ ഉണ്ടായിരുന്ന 8000 രൂപ അക്രമികള്‍ കവർന്നു.
ട്രെയിന്‍ ഇറങ്ങിയ ബിജു പവര്‍ഹൗസ് റോഡിലൂടെ വാഹനത്തിന് അടുത്തേക്ക് പോകവെ അജന്ത തിയേറ്റര്‍ റോഡില്‍ നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം അടുത്ത് എത്തി നെയ്യാറ്റിന്‍കര പോകാനുള്ള വഴി ചോദിച്ചു.
ഇതിനിടയില്‍ പിറകിലിരുന്നയാള്‍ ഇറങ്ങി കൈയിലുണ്ടായിരുന്ന ഡോക്യുമെൻ്റുകളും മറ്റും പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. പിടിവലിക്കിടയില്‍ ബിജു താഴെ വീണു. ഇതോടെ സംഘം ബിജുവിനെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിനിടയില്‍ പണം കവര്‍ന്ന സംഘം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കില്‍ രക്ഷപ്പെട്ടു. മര്‍ദനത്തില്‍ മുഖത്ത് ഉള്‍പ്പെടെ ബിജുവിന് പരിക്കേറ്റു. ഈ ഭാഗങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും പിടിച്ചുപറി സംഘത്തിന് സഹായമായി.
സംഭവത്തെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബിജു പരാതി നൽകി. തുടര്‍ന്ന് പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.