ഡ്യൂട്ടി സമയം കഴിഞ്ഞു; റെയില്‍വേ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ് സ്ഥലം വിട്ടു; വലഞ്ഞ് യാത്രക്കാർ
കാസര്‍കോട്: ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് തെറ്റായ ട്രാക്കില്‍ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിപ്പോയി.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പാസഞ്ചർ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്ളാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്.
ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ളാറ്റ്ഫോമില്‍ നിര്‍ത്താൻ കഴിയാതെ വന്നു. ട്രെയിൻ കയറാനെത്തിയ യാത്രക്കാരും വലഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ നിർത്തുന്ന സ്ഥലമാണ് പ്ളാറ്റ്ഫോം ഒന്ന്. ഇവിടെ കയറാൻ കഴിയാത്തതുമൂലം ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ് ഫോമിലാണ് എത്തുന്നത്. ഇത് യാത്രക്കാർ പലരും അറിയുന്നില്ല. രാവിലെയായിട്ടും ഗുഡ്സ് ട്രെയിൻ ട്രെയിൻ മാറ്റിയിട്ടുമില്ല.
ഗുഡ്സ് ട്രെയിലെ ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോവുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ ട്രാക്ക് മാറി ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചോ എന്നും വ്യക്തതയില്ല. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.