ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്, ആർക്കും അത് കെടുത്താനാകില്ല ; അന്വേഷണം പൂർത്തിയാകും മുൻപ് ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല, മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാട് ; അന്‍വറിനെ തള്ളി എൽഡിഎഫ് കൺവീനർ
സ്വന്തം ലേഖകൻ
കോഴിക്കോട്: പി വി അൻവറിന്‍റെ ആരോപണങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ശോഭ കെട്ടുപോകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്. ആർക്കും അത് കെടുത്താനാകില്ല.
അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുൻപ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ നിലപാട് തിരുത്തണം. അൻവറിന്റെ ചെയ്തികൾ തെറ്റാണ്. ജനങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാം. അൻവർ സ്വതന്ത്ര എംഎൽഎയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായിയെന്നും ഇപ്പോൾ അത് കെട്ടുപോയെന്നും അൻവർ വിമർശിച്ചിരുന്നു. പിണറായിയുടെ ഗ്രാഫ് താഴ്ന്നുവെന്നും അൻവർ പറഞ്ഞു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.