വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയുടെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം രണ്ട് പവന്‍റെ മാലയും പൊട്ടിച്ച് കടന്നു കളഞ്ഞു; സംഭവം തിരുവനന്തപുരത്ത്; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: കാട്ടാക്കടയിൽ ബൈക്കിൽ എത്തിയ യുവാവ് വൃദ്ധയെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം രണ്ട് പവന്‍റെ മാലയും കവർന്ന് കടന്നു. മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി (68) ക്കാണ് പരിക്കേറ്റത്,.
തിങ്കളാഴ്ചയാണ് സംഭവം. അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്. സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്.
അരുന്ധതി വെള്ളമെടുത്ത് കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചതിന് ശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ് ഇയാള്‍ അരുന്ധതിയുടെ മുഖത്തടിച്ചത്. അടിയേറ്റ അരുന്ധതി നിലവിളിക്കാൻ പോലും കഴിയാതെ മുഖം പൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് ഇയാള്‍ സ്ഥലം വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖമടച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മാറനല്ലൂർ പൊലീസ് അരുന്ധതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഒന്നര മാസം മുമ്പ് വെള്ളൂർക്കോണത്തിന് സമീപം ബൈക്കിലെത്തിയ യുവാക്കൾ പെട്ടിക്കട നടത്തുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവവും ഉണ്ടായിരുന്നു.