ക്രിസ്തുമസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; തിരുനക്കര മൈതാനത്ത് ഗുണ്ടാ ആക്രമണം; ക്ഷേത്രക്കുളത്തിന് സമീപം കഞ്ചാവ് മാഫിയ തമ്മിൽ തല്ലുകയും യുവാവിനെ കല്ലിന് ഇടിച്ച് വീഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്
സ്വന്തം ലേഖകൻ
കോട്ടയം: ക്രിസ്തുമസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ശബരിമല സീസണിൽ അയ്യപ്പഭക്തന്മാർക്കായി ക്ഷേത്രകുളത്തിന് സമീപം ഒരുക്കിയിരിക്കുന്ന കുളിമുറിയും ശൗചാലയവും സാമൂഹിക വിരുദ്ധരുടെ സ്ഥിരം താവളമായി മാറി.
ശബരിമല ഇടത്താവളമായ തിരുനക്കര ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാർക്കായി അവരുടെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻ കൊടുത്തിരിക്കുന്ന സ്ഥലത്താണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നത്.
ഇവിടെ ഒത്തുകൂടുന്ന അക്രമിസംഘങ്ങൾ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടേക്ക് അയ്യപ്പഭക്തർ എത്താത്ത അവസ്ഥയായി. തിരുനക്കര മൈതാനവും സമീപ പ്രദേശങ്ങളും ഇപ്പോൾ ഗുണ്ടാ സംഘങ്ങളുടെ സ്ഥിരം താവളമണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര ശ്രീനിവാസ അയ്യർ റോഡിൽ വെളിച്ചമില്ലാതായിട്ട് മാസങ്ങളായി. ശബരിമല സീസണായിട്ടും പ്രദേശത്ത് വെളിച്ചമില്ലാത്തത് അയ്യപ്പഭക്തരോട് നഗരസഭ കാണിക്കുന്ന അനീതിയാണ്. വാർഡ് കൗൺസിലർ നഗരസഭാ വൈസ് ചെയർമാൻ തന്നെയാണ്.
ക്ഷേത്രക്കുളത്തിന് സമീപം ഇന്ന് ഉച്ചയോടുകൂടി കഞ്ചാവ് മാഫിയ തമ്മിൽ തല്ലുകയും യുവാവിനെ കല്ലിന് ഇടിച്ച് വീഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.
ദേവസ്വം ഓഫിസിൻ്റെ മൂക്കിന് താഴെയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. എന്നിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്
ഇന്ന് രാവിലേയും സമാന സംഭവം തിരുനക്കര മൈതാനത്തും അരങ്ങേറിയിരുന്നു. കരിങ്കല്ലിന് അടിയേറ്റ് ബംഗാൾ സ്വദേശിയ്ക്ക് പരിക്ക് പറ്റിയിരുന്നു. . ആക്രമണം നടത്തിയ നിരവധി കേസുകളിൽ പ്രതിയായ ഡ്രാക്കുള ബാബുവിനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.