play-sharp-fill
പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരായി ചമഞ്ഞ് മോഷണം ; മോഷ്ടിക്കുന്ന പണവുമായി അർഭാട ജീവിതം ; പിടിക്കപ്പെടാതിരിക്കാൻ ആഴ്ചയിൽ സിം മാറ്റും ; ഒടുവിൽ പൊലീസിൽ കുടുങ്ങി യുവാക്കൾ

പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരായി ചമഞ്ഞ് മോഷണം ; മോഷ്ടിക്കുന്ന പണവുമായി അർഭാട ജീവിതം ; പിടിക്കപ്പെടാതിരിക്കാൻ ആഴ്ചയിൽ സിം മാറ്റും ; ഒടുവിൽ പൊലീസിൽ കുടുങ്ങി യുവാക്കൾ

സ്വന്തം ലേഖകൻ

ഹരിപ്പാട്: കാറിൽ ചാരായം കടത്തിയ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിലെ പ്രതികള്‍ പിടിയിൽ. പള്ളിപ്പാട് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (20), ചാരായം കടത്താൻ കൂടെ ഉണ്ടായിരുന്ന പള്ളിപ്പാട് ശരൺ ഭവനിൽ കിരൺ (19) എന്നിവരെ ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 21ന് രാത്രികാല പെട്രോളിങ്ങിനിടയിൽ കുമാരപുരം കൂട്ടംകൈത ഭാഗത്ത് കണ്ട കാർ പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽനിന്നും ചാരായം കണ്ടെത്തിയിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു. വണ്ടി കൂടുതൽ പരിശോധിച്ചപ്പോൾ ഫോണും തിരിച്ചറിയൽ രേഖകളും ലഭിച്ചു. ഫോൺ പരിശോധിച്ചപ്പോൾ നിരവധി മോഷണ കേസിലെ പ്രതിയായ ജിൻസന്റെ ഫോണാണെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് അബ്കാരി ആക്ട് അനുസരിച്ചു കേസ് എടുത്തു. ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ കടകളിൽ നിന്നും 500, 1000, 2000 രൂപ വെച്ചു മോഷണം പോകുന്നു എന്നുള്ള പരാതിയിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയപ്പോൾ ജിൻസ് ആണ് പ്രതി എന്ന് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചെറിയ തുക ആയതിനാൽ ആരും കേസിന് താത്പര്യപ്പെട്ടില്ല. പ്രായമുള്ള ആളുകൾ ഇരിക്കുന്ന കടകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. മുനിസിപ്പാലിറ്റിയിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ലൈസൻസും മറ്റും ആവശ്യപ്പെടുകയും ഇത് എടുക്കാനുള്ള തിരക്കിനിടയിൽ ഇയാൾ മോഷണം നടത്തുകയുമായിരുന്നു. മാന്നാർ, വള്ളികുന്നം സ്റ്റേഷൻ പരിധികളിലും ഇതേ രീതിയിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. തുക കുറവായതിനാൽ ഇവിടെയും പരാതികൾ ഉണ്ടായില്ല.

അരൂർ, വൈക്കം പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒരു വർഷം മുൻപ് ഇതേ രീതിയിലുള്ള മോഷണം നടത്തിയിരുന്നു. വലിയ തുക ആയതിനാൽ ഈ കടക്കാർ പരാതി നൽകിയിരുന്നു. മോഷ്ടിക്കുന്ന പണവുമായി അർഭാട ജീവിതമാണ് ജിൻസ് നയിക്കുന്നത്. പൊലീസ് പിടിയിലാവാതിരിക്കാൻ വേണ്ടി ആഴ്ചയിൽ സിം മാറുന്നതാണ് ഇയാളുടെ രീതി.

കൂടാതെ ബംഗളൂരു, തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തങ്ങുന്നതും തിരിച്ചു വരുന്നതും ജിൻസിന്റെ പതിവാണ്. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തെ നേരത്തെ താമസിച്ചിരുന്ന ലോഡ്ജുകളിലെ ക്യാമറകൾ പരിശോധിച്ചപ്പോൾ ആറുപേർ അടങ്ങുന്ന സംഘമാണു ഇവിടെ താമസിച്ചിരുന്നത് മനസ്സിലാക്കി.

പൊലീസ് അന്വേഷിച്ച് ദിവസം രാവിലെ ഇവർ ലോഡ്ജ് മാറിയിരുന്നു. അവർ ടാക്സി കാറിൽ ആണ് പോയത് എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഇതനുസരിച്ച് പോയ വഴി കണ്ടെത്തുകയും ഇവർ താമസിച്ചിരുന്ന വീട് കണ്ടെത്താനും കഴിഞ്ഞു.

തുടർന്ന് പൊലീസ് പരിശോധിച്ചപ്പോൾ ഇവർ വീട്ടിലുണ്ടെന്ന് മനസ്സിലാക്കി പിടികൂടുകയായിരുന്നു. ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഷൈജ, സിപിഓ നിഷാദ്, വിപിൻ, അൽ അമീൻ, പ്രദീപ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.