play-sharp-fill
കോട്ടയം നഗരത്തിലെ ഒറ്റയാൾ ഗാന്ധിയ്ക്ക് ആദരാഞ്ജലികൾ;   ടി ജി സാമുവൽ സാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് അഡ്വ. അനിൽ ഐക്കര

കോട്ടയം നഗരത്തിലെ ഒറ്റയാൾ ഗാന്ധിയ്ക്ക് ആദരാഞ്ജലികൾ; ടി ജി സാമുവൽ സാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് അഡ്വ. അനിൽ ഐക്കര

സ്വന്തം ലേഖകൻ

കോട്ടയം: ടി ജി സാമുവൽ നിര്യാതനായി. യശശ്ശരീരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം കോട്ടയത്തെ കോൺഗ്രസ്സിനും, അതിനേക്കാളേറെ കോട്ടയം പൗരാവലിയ്ക്കും വന്ന വലിയ നഷ്ടം. ഏതു വിഷയമായാലും ടി ജി സാമുവൽ സാറിനു സ്വന്തമായ ഒരു വീക്ഷണവും പ്രതികരണവും ഉണ്ടായിരിക്കും.

അത്തരത്തിൽ പലപ്പോഴും കോൺഗ്രസ്സ് നേതാക്കളിൽ ചിലർക്കെങ്കിലും പലപ്പോഴും ഇദ്ദേഹത്തോട് എതിർപ്പ് പ്രകടിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു ദിവസം പോലും വിശ്രമമില്ലാതെ, സൈക്കിളിൽ സഞ്ചരിക്കുന്ന മുനിസിപ്പൽ കൗൺസിലർ മാത്രമായി അദ്ദേഹം ജീവിക്കുവാനിടയായതും ഈ വിപ്ലവ ചിന്തകൾ കൊണ്ടാവണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നാഗര വികസന സമിതി രുപീകരിച്ചപ്പോൾ സജീവ പിന്തുണ നൽകിയത് രാഷ്ട്രീയ രഹിതമായിട്ടായിരുന്നു. തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ നിലനിർത്തുന്നതിനായുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിലകൊണ്ടു. ഇന്ത്യയിൽ ഇവിടെ നടക്കുന്ന പ്രശ്നങ്ങളിലും ഒരു ബാനർ കഴുത്തിൽ തുറുക്കി സൈക്കിളിൽ പ്രതികരിച്ചു നടക്കുന്ന ടി ജി സാമുവൽ സാറിനു കോട്ടയത്ത് നിരവധി ശിഷ്യഗണങ്ങളാണുള്ളത്.

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിക്കുവാൻ ദിവസേനയെന്നോണം പോരാട്ട വേദിയിൽ എത്തി പ്രസംഗിക്കുമായി യിരുന്നു. കോട്ടയത്ത് നിന്നും ചപ്പാത്ത് വരെ കാൽ നടയായി ഞങ്ങൾ നീങ്ങിയപ്പോൾ ഒപ്പം നടക്കുവാൻ ഇദ്ദേഹം ഈ പ്രായത്തിലും ആർജ്ജവം കാണിച്ചു . സാർ അൽപനേരം ഒപ്പമുള്ള കാറിൽ കയറിക്കൊള്ളാൻ പറയുമ്പോൾ കൂൾ ആയി നിരസിക്കും ഇദ്ദേഹം.

എല്ലാ ഒറ്റയാൾ പോരാട്ടങ്ങളും തികച്ചും ജനകീയമായ ആവശ്യങ്ങൾക്കുള്ളതായിരുന്നു. കോൺഗ്രസ് നേതൃത്വം അറിഞ്ഞോ അറിയാതെയോ, അണ്ണാ ഹസാരെയുടെ സമര ദിനങ്ങളിൽ ഞങ്ങൾക്കൊപ്പം തിരി തെളിക്കുവാൻ ഗാന്ധി സ്‌ക്വയറിൽ ഇദ്ദേഹവും എത്തുമായിരുന്നു. ഗാന്ധി സ്‌ക്വയർ ഒരു സമര കേന്ദ്രമാക്കുന്നതിൽ ഇദ്ദേഹവും പ്രധാന പങ്കു വഹിച്ചു. ആം ആദ്മി പാർട്ടിയുടെ ആദ്യകാല പ്രവർത്തനങ്ങൾ കോട്ടയത്ത് നടന്നു വന്നപ്പോൾ ഇദ്ദേഹവും പാർട്ടിയിലെത്തുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. കോട്ടയത്തെ സുപ്രധാന ആം ആദ്മി എന്ന് അദ്ദേഹത്തെ വേദിയിലിരുത്തി പ്രസംഗിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ ആവണം അദ്ദേഹം വരാതായി. എങ്കിലും ലോക്സഭയിലേക്ക് ഒരു നല്ല സ്ഥാനാർഥിയെ തിരഞ്ഞു നടന്നപ്പോൾ സംസാരിച്ചു നോക്കിയിരുന്നു. വിയോജിപ്പൊന്നുമില്ലെങ്കിലും ഞാൻ ഒരു നല്ല കോൺഗ്രസുകാരനാണ് എന്നായിരുന്നു മറുപടി.

സൈക്കിളിൽ സഞ്ചരിച്ച് കൊണ്ട് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുവാൻ ഇനി അദ്ദേഹമില്ല. ഓർമകളിൽ അദ്ദേഹം കൈവീശിക്കാണിച്ച് സൈക്കിളിൽ സഞ്ചരിച്ച് ഒരു കാലിൽ ചവിട്ടി താഴെയിറങ്ങി വന്ന സംസാരിക്കുന്ന രീതി ഒരിക്കലും മറക്കാതെ പൗരാവലി കാത്ത് സൂക്ഷിക്കും എന്നുറപ്പാണ്. ഒരു പക്ഷെ അവസാനത്തെ ഗാന്ധിയൻ കൗൺസിലർ എന്ന നിലയിലായിരിക്കും അദ്ദേഹം അറിയപ്പെടുക. കേരളത്തിലെ നല്ല കോൺഗ്രസ്സുകാരുടെ ഒരു തലമുറ കടന്നു പോകുകയാണ്. എല്ലാ കാലത്തും ഗാന്ധിയനായിരുന്ന അദ്ദേഹത്തിന് കോട്ടയം പൗരാവലിയുടെ ആരിൽ ആദര പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു.