കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടി സൂക്ഷിച്ചിരുന്ന ടാങ്കറിൽ ചോർച്ച; കമ്പാർട്ട്‌മെന്റിൽ സമ്മർദ്ദം കൂടിയതാണ് ചോർച്ചയ്ക്ക് കാരണമായതെന്നാണ് വിവരം
സ്വന്തം ലേഖകൻ
കൊല്ലം: ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടി സൂക്ഷിച്ചിരുന്ന ടാങ്കറിൽ ചോർച്ച. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റിലാണ് ചോർച്ച കണ്ടെത്തിയത്. കമ്പാർട്ട്‌മെന്റിൽ സമ്മർദ്ദം കൂടിയതാണ് ചോർച്ചയ്ക്ക് കാരണമായതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ടാങ്കർ ചോർന്നതായി കണ്ടെത്തിയത്. 15,300 ലിറ്റർ വ്യാജ പാലുമായി എത്തിയ ടാങ്കർ ലോറി കഴിഞ്ഞ ആറുദിവസമായി തെന്മല സ്റ്റേഷനിൽ സൂക്ഷിച്ചുവരികയായിരുന്നു.
ജനുവരി പതിനൊന്നിനാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്ന പാലുമായി വന്ന ടാങ്കർ ലോറി ക്ഷീരവികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്ന പാൽ കടത്തുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. പന്തളത്തെ ഫാമിലേയ്ക്ക് കൊണ്ടുവന്നതാണ് പാലെന്നായിരുന്നു ലോറി ഡ്രൈവർ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പാലിൽ മായം കലർത്തിയെന്ന് കണ്ടെത്തിയ ക്ഷീര വികസന വകുപ്പിന്റെ പരിശോധന റിപ്പോർട്ടിന് വിരുദ്ധമായ കണ്ടെത്തലുമായി ഭക്ഷ്യസുരക്ഷാ വിഭാഗം രംഗത്തുവന്നു. ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നാണ് ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലത്തിൽ വ്യക്തമാക്കുന്നത്. ചെക്ക്പോസ്റ്റിൽ തന്നെയുള്ള ക്ഷീര വികസന വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയതായി കണ്ടെത്തിയിരുന്നു.
വാഹനം കസ്റ്റഡിയിലെടുത്തശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചെങ്കിലും ഒൻപതരയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. സാമ്പിൾ ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ പരിശോധിച്ചപ്പോൾ മായം കലർത്തിയിട്ടില്ലെന്നും പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണുള്ളതെന്നുമായിരുന്നു കണ്ടെത്തിൽ.
പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന വൈകിയതാണ് കണ്ടെത്താനാകാത്തത് എന്നുള്ള ആക്ഷേപം ഉയർന്നു. ഇതിനെതിരെ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി രംഗത്തെത്തിയതോടെ സംഭവം വിവാദത്തിലായി. ഇതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിരിക്കുകയാണ്.