മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതൽ; ഡിവൈഎസ്പി പയസ് ജോർജിന് ചുമതല
സ്വന്തം ലേഖകൻ കൊച്ചി: വ്യാജരേഖ ചമച്ച് പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ പ്രത്യേകസംഘം അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പയസ് ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണമെന്ന് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമീഷണറോട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദേശിച്ചിരുന്നു.